കിഴക്കമ്പലം ട്വന്‍റി-20 മാതൃകയില്‍ തിരുവനന്തപുരത്ത് രൂപംകൊണ്ട രാഷ്ട്രീയ കൂട്ടായ്‍മയായിരുന്നു തിരുവനന്തപുരം വികസന മുന്നേറ്റം (ടിവിഎം). മൂന്ന് പ്രധാന മുന്നണികള്‍ക്കും ബദലെന്ന അവകാശവാദത്തോടെ എത്തിയ ടിവിഎം തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവരുടെ കൂട്ടായ്‍മയായിരുന്നു. തലസ്ഥാനനഗര വികസനം ലക്ഷ്യമാക്കുന്നുവെന്ന അവകാശവാദത്തോടെ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട വികസന മുന്നേറ്റത്തിന് പക്ഷേ ഒരു ചലനവും സൃഷ്ടിക്കാനായില്ല. 

തിരുവനന്തപുരം കോര്‍പറേഷനിലെ 35 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് പ്രഖ്യാപന സമയത്ത് പറഞ്ഞിരുന്നതെങ്കിലും 14 വാര്‍ഡുകളിലാണ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. ചന്തവിള, കുടപ്പനക്കുന്ന്, തിരുമല, ചാല, ശ്രീകണ്ഠേശ്വരം, കിണവൂര്‍, കുറവന്‍കോണം, പൂജപ്പുര, ബീമാപ്പള്ളി ഈസ്റ്റ്, കേശവദാസപുരം, പേട്ട, കണ്ണമൂല. പുഞ്ചക്കരി, വഴുതക്കാട് വാര്‍ഡുകളിലായിരുന്നു ടിവിഎമ്മിന്‍റെ സ്ഥാനാര്‍ഥികള്‍ ഉണ്ടായിരുന്നത്. ഇതില്‍ കിണവൂര്‍ വാര്‍ഡില്‍ മാത്രമാണ് പാര്‍ട്ടിക്ക് ഭേദപ്പെട്ട നിലയില്‍ വോട്ടുകള്‍ നേടാനായത്. ഷീജ വര്‍ഗീസ് ആയിരുന്നു ഇവിടുത്തെ സ്ഥാനാര്‍ഥി. മൂന്നാമതെത്തിയ ഷീജ വര്‍ഗീസ് 1026 വോട്ടുകള്‍ നേടി. മറ്റു മിക്ക വാര്‍ഡുകളിലും നാലാമതായാണ് വികസന മുന്നണി സ്ഥാനാര്‍ഥികള്‍ എത്തിയത്.

തിരുവനന്തപുരം വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവര്‍ തുടങ്ങിയ ഓണ്‍ലൈന്‍ കൂട്ടായ്‍മയാണ് വികസന മുന്നണി എന്ന പേരില്‍ പാര്‍ട്ടി പ്രഖ്യാപിച്ച് എത്തിയത്. ടെക്നോപാര്‍ക്ക് സ്ഥാപന സിഇഒ ജി വിജയരാഘവന്‍ ആണ് പാര്‍ട്ടി ചെയര്‍മാര്‍. സ്ഥാനാര്‍ഥികള്‍ക്കായി പത്രപരസ്യം നല്‍കി അഭിമുഖം നടത്തിയായിരുന്നു പാര്‍ട്ടി പട്ടിക തയ്യാറാക്കിയത്. വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവരുടെ കൂട്ടായ്‍മയായതിനാല്‍ അദാനി ഫണ്ട് ചെയ്യുന്ന പാര്‍ട്ടിയാണിതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് വെറും ആരോപണം മാത്രമാണെന്നായിരുന്നു ഭാരവാഹികളുടെ പ്രതികരണം. ശംഖ് ആയിരുന്നു പാര്‍ട്ടി ചിഹ്നം. റോഡ് ഷോകളും ഗൃഹസമ്പര്‍ക്കവും ഫ്ളെക്സുകളും അടക്കം കാര്യമായ പ്രചരണ പരിപാടികളും കൂട്ടായ്‍മ നടത്തിയിരുന്നു. എന്നാല്‍ അതൊന്നും ജനത്തെ സ്വാധീനിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.

അതേസമയം ഇടതുമുന്നണി മിന്നുംജയമാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ നേടിയത്. കേവലഭൂരിപക്ഷത്തിന് 51 സീറ്റ് വേണമെന്നിരിക്കെ 52 സീറ്റാണ് എല്‍ഡിഎഫ് നേടിയത്. താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ ഇറക്കി വന്‍ പ്രചാരണം നടത്തിയ ബിജെപി 2015ലേതിനു സമാനമായി യുഡിഎഫിനെ പിന്തള്ളി ഇത്തവണയും രണ്ടാംസ്ഥാനത്തെത്തി. പക്ഷേ 35 സീറ്റുകളേ നേടാനായുള്ളൂ. യുഡിഎഫ് പത്ത് സീറ്റുകളിലേക്കും ഒതുങ്ങി. മേയര്‍ സ്ഥാനാര്‍ഥിയായി മത്സര രംഗത്ത് ഉണ്ടായിരുന്ന ജമീല ശ്രീധരന്‍ പേരൂര്‍ക്കട വാര്‍ഡില്‍ നിന്ന് ജയിച്ചിട്ടുണ്ട്. ഇവര്‍ തന്നെ മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനാണ് സാധ്യത.