പല കുബുദ്ധികളും കത്തയക്കുന്നുണ്ട്,പക്ഷേ ഞങ്ങളാരും അത് ഗൗരവത്തിലെടുക്കാറില്ലെന്ന വിജയരാഘവന്‍റെ പ്രസ്താവന തനിക്കെതിരെയുള്ള ഭീഷണിയെ ലഘൂകരിക്കുകയാണെന്നാണ് തിരുവഞ്ചൂരിന്‍റെ വാദം. 

തിരുവനന്തപുരം: തനിക്കെതിരായ വധഭീഷണിക്കേസിലെ പൊലീസ് അന്വേഷണം പ്രഹസനമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. സംഭവത്തെ ലഘൂകരിച്ചുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പ്രസ്താവനയാണ് സിപിഎമ്മിന്‍റേയും പൊലീസിന്‍റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പല കുബുദ്ധികളും കത്തയക്കുന്നുണ്ട്,പക്ഷേ ഞങ്ങളാരും അത് ഗൗരവത്തിലെടുക്കാറില്ലെന്ന വിജയരാഘവന്‍റെ പ്രസ്താവന തനിക്കെതിരെയുള്ള ഭീഷണിയെ ലഘൂകരിക്കുകയാണെന്നാണ് തിരുവഞ്ചൂരിന്‍റെ വാദം. പൊലീസിന്‍റെ മെല്ലെപ്പോക്ക് അതാണ് തെളിയിക്കുന്നത്. അപ്രധാനമായ കേസുകള്‍ പോലും അതിവേഗത്തില്‍ അന്വേഷിക്കുന്ന പൊലീസ് തന്‍റെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുന്നെന്നും തിരുവഞ്ചൂര്‍ പറയുന്നു. 

തിരുവഞ്ചൂരിന്‍റെ മൊഴി എടുത്തതല്ലാതെ മറ്റൊരു നടപടിയും പൊലിസ് ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ല. ഭീഷണി കത്ത് ലഭിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ ആയതിനാലും പരാതി മുഖ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചതിനാലും ആണ് കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ നിന്നും കേസ് തിരുവനന്തപുരത്തേക്ക് മാറ്റാൻ പൊലീസ് അപേക്ഷ നല്‍കിയത്. അതേസമയം കണ്ണൂരിലെ സിപിഎം വിഭാഗീയത ആണോ കത്തിന് പിന്നിലെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. ടിപി കേസ് വീണ്ടും ചര്‍ച്ചയാക്കുക എന്ന ലക്ഷ്യത്തിനൊപ്പം ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിയില്‍ നടത്തുന്ന ഇടപെടലുകള്‍ സജീവമാക്കുക എന്നതുമാകാം കത്തിന്‍റെ ഉദ്ദേശമെന്നും പൊലീസ് കരുതുന്നു.