പത്തനംതിട്ട: ശബരിമല റോപ് വേയുടെ ദിശ മാറ്റാൻ ആലോചന. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള റോപ് വേ നിലയ്ക്കലിൽ നിന്ന് സന്നിധാനത്തേയ്ക്ക് ആക്കാനാണ് ആലോചന. ശബരിമലയുടെ അടിസ്ഥാന താവളം നിലയ്ക്കൽ ആയതാണ് മാറ്റത്തിന് കാരണമെന്ന് ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി. 

സന്നിധാനത്തെ നിർമ്മാണ പ്രവർത്തനങ്ങൾ, ഭക്ഷണശാലകൾ, വഴിപാടുകൾ എന്നിവയ്ക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കാനായി റോപ് വേ നിർമ്മിക്കാനാണ് മാസ്റ്റർ പ്ലാനിലെ പദ്ധതി. പമ്പ ഹിൽ ടോപ്പിൽ നിന്നും തുടങ്ങി മാളികപ്പുറത്തിന് സമീപം അവസാനിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തത്. മൂന്ന് കിലോമീറ്റർ ആണ് ആകാശ ദൂരം.

ഇക്കാര്യത്തിൽ സർവേ നടത്തിയ ശേഷം ഹൈക്കോടതിക്ക് റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ദേവസ്വം ദിശ മാറ്റാൻ ആചോലിക്കുന്നത്. പമ്പയിൽ എത്താതെ നിലയ്ക്കലിൽ നിന്ന് അട്ടത്തോടു വഴി മാളികപ്പുറത്ത് എത്തുന്നതാണ് പുതിയ രൂപ രേഖ. പുതിയ പദ്ധതി പ്രകകാരം റോപ് വേയുടെ ദൂരം 4.8 കിലോമീറ്ററാകും. നിലയ്ക്കലിൽ വെയർ ഹൗസ് നിർമ്മിച്ചാൽ സാധനങ്ങൾ സംരംഭിക്കുന്നതും എളുപ്പമാകും.