ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ് രാസലഹരി ഉപയോഗിക്കുന്നതിനിടെ അറസ്റ്റിലായി. ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി ലഹരി ഉപയോഗിക്കുന്നതിനിടെയാണ് പ്രത്യേക സംഘം ഇയാളെ പിടികൂടിയത്.
തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോര്‍ജ് അറസ്റ്റില്‍. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് സനീഷിനെ പിടികൂടിയത്. ഇയാൾ ലഹരി ഉപയോഗിക്കുന്നതിനിടയാണ് പ്രത്യേക സംഘം പിടികൂടിയത്. ലഹരിക്കായി പണം കൈമാറ്റം ചെയ്തതിന്റെ ഡിജിറ്റൽ രേഖകളും പൊലീസ് കണ്ടെടുത്തു.
ഇന്ന രാവിലെയായിരുന്നു സംഭവം. പൊതുനിരത്തിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിർത്തി സനീഷ് രാസലഹരി ഉപയോഗിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. പൊലീസ് എത്തുമ്പോഴേക്കും ഇയാൾ ലഹരി ഉപയോഗിച്ച് കഴിഞ്ഞിരുന്നു എന്നാണ് പൊലീസ് വിശദീകരണം. രാസലഹരി ഉപയോഗിക്കാനുള്ള സിറിഞ്ചും പൈപ്പും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെത്തി. ഇയാളുടെ കയ്യിൽ നിന്ന് കൂടുതൽ ലഹരി വസ്തുക്കൾ കണ്ടെടുക്കാന്‍ ആയിട്ടില്ലെന്നും പൊലീസ് പറയുന്നു. സനീഷിനൊപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്ത സനീഷ് ജോർജിനെയും സുഹൃത്തിനെയും കൂടുതൽ ചോദ്യം ചെയ്യലിനായി കാളിയാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
സനീഷിന്റെ കൈവശം ഉണ്ടായിരുന്നത് എംഡിഎംഐ ആണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. വിശദ പരിശോധനകൾക്കും ചോദ്യം ചെയ്യലിലും ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകു. നേരത്തെയും കഞ്ചാവ് ഉൾപ്പെടെ കൈവശം വച്ചതിന് സനീഷ് ജോർജിനെതിരെ കേസെടുത്തിരുന്നു. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകനായ സനീഷ് ജോർജ്, കഴിഞ്ഞ ഭരണസമിതിയിലാണ് തൊടുപുഴ നഗരസഭ്യക്ഷനായത്. അന്ന് കോൺഗ്രസിലെ തർക്കങ്ങൾ കാരണം സനീഷ് സിപിഎമ്മിന് പിന്തുണ നൽകുകയായിരുന്നു. പിന്നീട് കൈക്കൂലി കേസിൽ രാജിവെച്ച സനീഷ് ജോർജ് അടുത്തിടെ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തി സജീവമായി. യുഡിഎഫ് സർക്കാരിൻ ഓപ്പറേഷൻ തൂഫാനിൽ, മുൻ ജനപ്രതിനിധി കുടുങ്ങിയതിനെ കുറിച്ച് ഇതുവരെ ജില്ലാ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.



