ആലപ്പുഴ: മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടിയുടെ മൃതദേഹം ഇന്ന് ആലപ്പുഴയിൽ എത്തിക്കും. ഉച്ചതിരിഞ്ഞ് മൂന്ന് മണി മുതൽ ടൗൺ ഹാളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് കുട്ടനാട് ചേന്നംകരിയിലെ വീട്ടിലേക്ക് കൊണ്ടുപോകും. 

നാളെ ഉച്ചയ്ക്ക് രണ്ടിന് സെന്‍റ് പോൾസ് മർത്തോമ്മ പളളി സെമിത്തേരിയിലാണ് സംസ്കാരം. അർബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയിലാണ് അന്തരിച്ചത്.

പിണറായി മന്ത്രിസഭയിൽ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു. പദവി രാജിവച്ച ശേഷം എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനായി. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം. 

അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു.

നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി സ്ഥാപനങ്ങളുണ്ട്. കുവൈത്ത് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ ബിസിനസ്. കുവൈത്ത് ചാണ്ടി എന്ന പേരിലും കുട്ടനാട്ടില്‍ തോമസ് ചാണ്ടി അറിയപ്പെട്ടിരുന്നു.