കൊച്ചി: പ്രമുഖ എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടി അന്തരിച്ചു. 72 വയസായിരുന്നു പിണറായി സര്‍ക്കാരില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു. അര്‍ബുദരോഗ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. നിലവില്‍ എന്‍സിപിയുടെ സംസ്ഥാന അധ്യക്ഷനാണ്. എറണാകുളം കടവന്ത്രയിലുള്ള വസതിയില്‍ വച്ച് അല്‍പസമയം മുന്‍പാണ് തോമസ് ചാണ്ടി അന്തരിച്ചത്. 

അര്‍ബുദബാധയെ തുടര്‍ന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി രാജ്യത്തെ വിവിധ ആശുപത്രികളിലും വിദേശത്തും അദ്ദേഹം ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹം റേഡിയേഷന്‍ അടക്കമുള്ള ചികിത്സയ്ക്കായി ആശുപത്രിയിലായിരുന്നു. ഇന്ന് ആരോഗ്യനില കൂടുതല്‍ വഷളായി മരണപ്പെടുകയായിരുന്നു.

നിയമസഭയിലെ ഏറ്റവും സമ്പന്നനായ എംഎല്‍എ എന്ന വിശേഷണമുള്ള തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തുമായി നിരവധി വ്യവസായ സ്ഥാപങ്ങളുണ്ട്. കുവൈത്ത് കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന സംരഭങ്ങളെല്ലാം തന്നെ അതിനാല്‍ കുവൈത്ത് ചാണ്ടി എന്ന പേരിലും കുട്ടനാട്ടില്‍ തോമസ് ചാണ്ടി അറിയപ്പെട്ടിരുന്നു. 

തോമസ് ചാണ്ടിയുടെ ജീവിതം ഒറ്റനോട്ടത്തില്‍... 

കുട്ടനാട് മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗവും, കുവൈത്ത് കേന്ദ്രമാക്കിയുള്ള പ്രമുഖ വ്യവസായിയുമാണ് തോമസ് ചാണ്ടി, ഹണി ട്രാപ്പ് കേസിൽ കുടുങ്ങി മന്ത്രി എകെ ശശീന്ദ്രൻ രാജിവെച്ചതിനെ തുടർന്ന് 2017 ഏപ്രിലിലാണ് തോമസ് ചാണ്ടി പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായി അധികാരമേറ്റത്. ടൂറിസം വ്യവസായിയും ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിന്റെ സിഎംഡിയുമാണ്.

കുവൈത്തിലും റിയാദിലും സ്വന്തമായി സ്ക്കൂളുകളുണ്ട്. കുട്ടനാട്ടിൽ കേരള കോൺഗ്രസ്സിന്റെ ഡോക്ടർ കെസി ജോസഫിനെ പരാജയപ്പെടുത്തിയാണ് 2006ലും 2011ലും തോമസ് ചാണ്ടി നിയമസഭയിലെത്തിയത്. 1947 ആഗസ്ത് 29ന് വിസി തോമസിന്റെയും ഏലിയാമ്മ തോമസിന്റെയും മകനായാണ് ജനനം. ഭാര്യ മേഴ്സിക്കുട്ടി, ഒരു മകനും രണ്ട് പെൺമക്കളും അടങ്ങിയതാണ് തോമസ് ചാണ്ടിയുടെ കുടുംബം.

ചെന്നൈ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങിൽനിന്നും ടെലികമ്മ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ഡിപ്ലോമ നേടിയിട്ടുണ്ട്. കെ എസ് യുവിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തിയ തോമസ് ചാണ്ടി 1970ൽ കെ എസ് യു കുട്ടനാട് യൂണിറ്റിന്റെ അധ്യക്ഷനായെങ്കിലും താമസിയാതെ രാഷ്ട്രീയം വിട്ട് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 1996ഓടുകൂടിയാണ് വീണ്ടും രാഷ്ട്രീയത്തിൽ സജീവമായത്.