വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ പന്ത്രണ്ടിന വികസന പദ്ധതികള്‍ ഈവർഷം നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. വയനാട്ടില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായി തുറക്കുന്ന ആയിരം ഭക്ഷണശാലകളില്‍ 25 രൂപയ്ക്ക് ഊണിന് പുറമേ, വരുന്നവരില്‍ 10 ശതമാനംപേർക്ക് ഭക്ഷണം സൗജന്യമായി നല്‍കും. വയോജനങ്ങള്‍ക്കായി 5000 വയോക്ലബ്ബുകള്‍, 500 ഗ്രാമപഞ്ചായത്തുകളിലും 50 നഗരങ്ങളിലും സമ്പൂർണ ശുചിത്വം ഉറപ്പാക്കും. ഉറവിട മാലിന്യ സംസ്കരണത്തിന് പ്രത്യേക സംവിധാനം, 12000 പൊതു ശൗചാലയങ്ങൾ, 5000 പുതിയ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങിയ പദ്ധതികളാണ് നടപ്പിലാക്കുക.

പല പദ്ധതികളും ഓണത്തിന് മുമ്പേ നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കിടയിലും ബജറ്റിന്‍റെ 35 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. ഇതുവഴി ജനപങ്കാളിത്തത്തോടെ വികസനം ഉറപ്പാക്കുകയാണ് ലക്ഷ്യം. വൈത്തിരിയില്‍ നടക്കുന്ന സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷ പരിപാടികള്‍ ഇന്ന് സമാപിക്കും.