തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഇസഡ് പ്ലസ് സുരക്ഷയുണ്ടായിട്ടും സ്വകാര്യ അംഗരക്ഷകനായ നയീം മൂസയെ ഒപ്പം കൂട്ടുന്നതിനെതിരെ എഐഎഡിഎംകെ രംഗത്ത്. ഇത് സുരക്ഷാ ചട്ടങ്ങളുടെ ലംഘനമാണെന്ന് എംപി ഇമ്പദുരൈ ആരോപിച്ചു. സർക്കാർ വിഷയത്തിൽ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് ഔദ്യോഗികമായി കനത്ത സുരക്ഷയുണ്ടായിട്ടും എന്തിന് സ്വകാര്യ ബോഡിഗാർഡ് എന്ന ചോദ്യവുമായി എഐഎഡിഎംകെ. മാഹിക്കാരൻ നയീം മൂസ മുഖ്യമന്ത്രിയെ അനുഗമിക്കുന്നതിൽ പ്രതിഷേധം. നയീമിനെ മാറ്റണമെന്ന് ഇമ്പദുരൈ എംപി ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി കൂടിയായ വിജയ്ക്ക് പോലീസിനെ വിശ്വാസമില്ലേ എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. അതീവ സുരക്ഷാ മേഖലയിൽ പോലും സ്വകാര്യ വ്യക്തിക്ക് പ്രവേശനം നൽകുന്നത് ചട്ടവിരുദ്ധമാണ്. ഇസഡ് പ്ലസ് സുരക്ഷയ്ക്ക് പുറമേ സ്വകാര്യ ബോഡിഗാർഡ് എന്തിന് എന്നാണ് ഉയരുന്ന ചോദ്യം. പ്രധാനമന്ത്രിയെ കാണാൻ പോകുമ്പോൾ പോലും നയീം പിന്തുടരുന്നത് എന്തിനെന്നും എഐഎഡിഎംകെ നേതാക്കൾ ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സുരക്ഷാ പ്രോട്ടോക്കോളുകളിലെ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയ അണ്ണാഡിഎംകെ എംപി, സംസ്ഥാന സർക്കാർ ഇതിന് മറുപടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദുബൈ ആസ്ഥാനമായി സ്വകാര്യ സുരക്ഷാ ഏജൻസി നടത്തുന്ന മാഹി സ്വദേശി നയീം മൂസ, ഏറെ നാളുകളായി വിജയുടെ നിഴലായി എപ്പോഴുമുണ്ട്. പ്രചാരണ യോഗങ്ങളിലും സ്വകാര്യ സന്ദർശനങ്ങളിലും ടിവികെ അധ്യക്ഷന് തൊട്ടുപിന്നിൽ നിലയുറപ്പിച്ചിരുന്ന നയീം തന്നെയാണ്, മുഖ്യമന്ത്രിയായതിന് ശേഷവും വിജയ്ക്ക് കാവലായി ഒപ്പമുള്ളത്. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിനായി സംസ്ഥാന പൊലീസിന് കീഴിൽ 'കോർ സെൽ' എന്നറിയപ്പെടുന്ന ഏറ്റവും ഉയർന്നതും സവിശേഷവുമായ സുരക്ഷാ വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്ന് എഐഎഡിഎംകെ എംപി ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഈയിടെ അദ്ദേഹത്തിന് 'ഇസഡ് പ്ലസ്' (Z Plus) സുരക്ഷയും നൽകിയിട്ടുണ്ട്. ഇത്രയധികം സുരക്ഷ ഔദ്യോഗികമായി നിലവിലുള്ളപ്പോൾ, മുഖ്യമന്ത്രി വിജയ് എന്തിനാണ് ഇപ്പോഴും സ്വകാര്യ അംഗരക്ഷകനെ ഒപ്പം കൂട്ടുന്നത് എന്നാണ് ഇമ്പദുരൈയുടെ ചോദ്യം.

തുടർന്ന് സർക്കാർ സംവിധാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ ചട്ടങ്ങളെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. സർക്കാർ സുരക്ഷാ പട്ടികയിൽ ഇല്ലാത്തതും യാതൊരുവിധ ഔദ്യോഗിക അംഗീകാരവുമില്ലാത്തതുമായ ഒരു വ്യക്തിക്ക് മുഖ്യമന്ത്രിയെ എപ്പോഴും നിഴൽ പോലെ തുടരാൻ ഏത് നിയമത്തിൻ്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയിരിക്കുന്നത്? ഇത് കേവലം ഒരു ശാരീരിക സുരക്ഷയുടെ വിഷയമല്ല, സംസ്ഥാനവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ യോഗ സ്ഥലങ്ങളിൽ ഒരു സ്വകാര്യ വ്യക്തിക്ക് പ്രവേശനം ലഭിക്കുന്നത് ഗുരുതരമായ ചട്ടലംഘനമമാണെന്നും ഇൻബദുരൈ ചൂണ്ടിക്കാട്ടി.

അടുത്തിടെ തിരുച്ചിറപ്പള്ളിയിൽ നടന്ന ടിവികെ പൊതുസമ്മേളനത്തിനിടെ, മുഖ്യമന്ത്രിയുടെ പ്രത്യേക പ്രചാരണ വാഹനത്തിൽ നിന്നും ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ താഴെ വീണ സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടിലെ വിവിഐപി സുരക്ഷാ ക്രമീകരണങ്ങൾ വലിയ ചർച്ചയായി മാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇമ്പദുരൈ പുതിയ വിമർശനം പുറത്തുവന്നിരിക്കുന്നത്. മുഖ്യമന്ത്രി സ്വകാര്യ അംഗരക്ഷകരെ ഉപയോഗിക്കുന്നത് നിയമപരമായ നടപടി ക്രമങ്ങൾക്ക് വിധേയമായിട്ടാണോ എന്ന് തമിഴ്‌നാട് സർക്കാർ ഉടൻ തന്നെ വ്യക്തമാക്കണമെന്നാണ് ആവശ്യം. ഈ വിഷയം വരും ദിവസങ്ങളിൽ കൂടുതൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറക്കും.