ഡി കെ ശിവകുമാർ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം ഇല്ലാത്തതിൽ അതൃപ്തി തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ്. മന്ത്രിസഭയിൽ ഒരു കോൺഗ്രസ് വനിതയെയെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്നുവെന്ന് മുൻ ഗവർണർ കൂടിയായ മാർഗരറ്റ് ആൽവ പറഞ്ഞു.
ബെംഗളൂരു: കർണാടകത്തിൽ പുതിയതായി അധികാരമേറ്റ ഡി കെ ശിവകുമാർ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യം ഇല്ലാത്തതിൽ അതൃപ്തി തുറന്നുപറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ. പുതിയ മന്ത്രിസഭയിൽ ഒരു കോൺഗ്രസ് വനിതയെയെങ്കിലും കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും അതില്ലാത്തതിൽ നിരാശയുണ്ടെന്നും മുൻ ഗവർണർ കൂടിയായ മാർഗരറ്റ് ആൽവ പറഞ്ഞു. ഡി കെ ശിവകുമാറിന് അഭിനന്ദം അറിയിച്ച് എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് മാർഗരറ്റ് ആൽവയുടെ പ്രതികരണം.
"കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഡി കെ ശിവകുമാറിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ടീമിനും എല്ലാവിധ വിജയങ്ങളും നേരുന്നു. പുതിയ കർണാടക മന്ത്രിസഭയിൽ ഒരു കോൺഗ്രസ് വനിതയെയെങ്കിലും കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. അതില്ലാത്തതിൽ അങ്ങേയറ്റം നിരാശയുണ്ട്"- മാർഗരറ്റ് ആൽവ കുറിച്ചു.
ബുധനാഴ്ച വൈകുന്നേരം ബെംഗളുരുവിലെ ലോക്ഭവനിൽ നടന്ന ചടങ്ങിലാണ് കർണാടകത്തിൻ്റെ 24-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മുതിർന്ന നേതാവ് ജി പരമേശ്വര അടക്കം 13 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കർണാടകത്തിൽ കോൺഗ്രസിന് നാല് എംഎൽഎമാരും അഞ്ച് എംഎൽസിമാരും ഉണ്ടെന്നിരിക്കെ ആണ് ആദ്യഘട്ടത്തിൽ അധികാരമേറ്റ മന്ത്രിമാരുടെ കൂട്ടത്തിൽ വനിതാ മന്ത്രിയുടെ അഭാവം ഉണ്ടായത്.
ലക്ഷ്മി ഹെബ്ബാൾക്കർ, രുപ്കല ശശിധർ, നയന മൊട്ടമ്മ, ഖനീസ് ഫാത്തിമ എന്നിവരുടെ കോൺഗ്രസിൻ്റെ എംഎൽഎമാർ. ഗായത്രി ശാന്തിഗൗഡ, പുഷ്പ അമർനാഥ്, ബിൽക്കിസ് ബാനു, ഡോ. ആരതി കൃഷ്ണ, ഉമശ്രീ എന്നിവരാണ് എംഎൽസി അംഗങ്ങൾ. സിദ്ധരാമയ്യ മന്ത്രിസഭയിൽ ലക്ഷ്മി ഹെബ്ബാൾക്കർ വനിത, ശിശുവികസന വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഇക്കുറി, ലക്ഷ്മി ഹെബ്ബാൾക്കറിന് പുറമേ, ഉമശ്രീയെയും മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.


