തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്തുനിന്ന് കടലിൽ മീൻ പിടിക്കാൻ പോയ, മൂന്ന് മത്സ്യത്തൊഴിലാളികൾ വള്ളം മറിഞ്ഞ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ അഗസ്റ്റിൻ (34), അലക്സ്‌ (45), തങ്കച്ചൻ (52) എന്നിവരാണ് മരിച്ചത്. 

വള്ളത്തിൽ അഞ്ച് പേർ ഉണ്ടായിരുന്നു. മീൻപിടിച്ച് കഴിഞ്ഞ് തീരത്തേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ശക്തമായ കാറ്റിലും മഴയിലുമുണ്ടായ വലിയ തിരയിൽപ്പെട്ട് വള്ളം മറിയുകയായിരുന്നു. കരയിലെത്താൻ ഒരു മണിക്കൂർ മാത്രം ബാക്കിയുണ്ടായിരുന്നപ്പോഴാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായത്. ഇവരുടെ കൂടെയുണ്ടായിരുന്ന ബിനു, ഈപ്പൻ എന്നിവർ കടലിലേക്ക് ചാടി നീന്തി കരയിലെത്തിയപ്പോഴാണ് വള്ളം മറിഞ്ഞ വിവരം അറിയുന്നത്. തുടർന്ന് മറ്റുള്ളവരെത്തി രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.

മൂന്ന് പേരുടെയും മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന്‍റെ തെക്കൻ തീരമേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.