കാസര്‍കോട്: കാസർകോട്ടെ മൂന്ന് ഹോട്ടലുകൾ ഒരാഴ്‍ചത്തേക്ക് അടച്ചുപൂട്ടി അണുവിമുക്തമാക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് നടപടി. കണ്ണൂർ വിമാനത്താവളത്തിലിറങ്ങി  മംഗലാപുരത്തേക്ക് പോകേണ്ട ഇതര സംസ്ഥാനക്കാർ മാനദണ്ഡങ്ങൾ തെറ്റിച്ച് കാസർകോട്ടെ ഹോട്ടലുകളിൽ താമസിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്. കാസർകോട് പഴയ ബസ്‍സ്റ്റാന്‍റിന് സമീപത്തെ  ദേര സിറ്റി ഹോട്ടൽ, എമിറേറ്റ്സ് ഹോട്ടൽ കാസർകോട്, പുതിയ ബസ്‍സ്റ്റാന്‍റ് സെഞ്ച്വറി പാർക്ക് ഹോട്ടൽ എന്നിവയാണ് ഏഴു ദിവസത്തേക്ക് അടച്ചിടാൻ ഉത്തരവായത്. 

മലപ്പുറം ജില്ലയും കൊവിഡ് ഭീതിയിലാണ്. പൊന്നാനി താലൂക്കിൽ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകള്‍ കൂടി കണ്ടെയ്ന്‍മെന്‍റ് സോണാക്കും. വട്ടംകുളം, മാറഞ്ചേരി, എടപ്പാൾ, ആലങ്കോട് പഞ്ചായത്തുകൾ പൂർണമായും പൊന്നാനി നഗരസഭ ഭാഗികമായും കണ്ടെയിൻമെന്‍റ് മേഖലയാക്കാനാണ് ജില്ലാ ഭരണകൂടം ശുപാർശ ചെയ്തിരിക്കുന്നത്. നാല് കൊവിഡ് ബാധിതരുടെ രോ​ഗ ഉറവിടം കണ്ടെത്താനായില്ല. അതേസമയം, നിലവിൽ സമൂഹ വ്യാപനമുള്ളതായി സൂചനയില്ലെന്ന് മലപ്പുറം ജില്ല കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.