കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ഏഴാം വാർഡ് ഉൾപ്പെടുന്ന നേത്ര വിഭാഗം അടച്ചു. ഇവിടെ പരിശോധനയ്ക്ക് എത്തിയ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ഡോക്ടർമാരും ജീവനക്കാരും നിരീക്ഷണത്തിൽ പോയി. കഴിഞ്ഞ ദിവസം അസ്ഥിരോഗ വിഭാഗം ഉൾപ്പെടുന്ന 11 ആം വാർഡിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഡോക്ടർമാർ ഉൾപ്പടെ 20 പേരാണ് ഈ വിഭാഗത്തിൽ നിന്ന് നിരീക്ഷണത്തിൽ പോയത്.

കോട്ടയത്ത് മൂന്ന് പുതിയ പ്രദേശങ്ങളെ കൂടി കണ്ടെയിൻമെന്‍റ് സോണാക്കി. ചങ്ങനാശേരി മുൻസിപ്പാലിറ്റി 31,33 വാർഡുകൾ, കാഞ്ഞിരപ്പള്ളി പഞ്ചായത്ത് 18 ആം വാർഡ്, കോട്ടയം  മുൻസിപ്പാലിറ്റി 46 ആം വാർഡ് എന്നിവയാണ് പുതിയ കണ്ടെയിന്‍മെന്‍റ് സോണുകള്‍. മണർകാട് പഞ്ചായത്തിലെ എട്ടാം വാർഡിനെ കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്ന് ഒഴിവാക്കി. ജില്ലയിലാകെ നിലവിൽ 19 കണ്ടെയിൻമെന്‍റ് സോണുകളുണ്ട്.