ലോക കേരള സഭ ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധിയുടെ പുറകിൽ അനിത പുല്ലയിൽ ഇരിക്കുന്നത് കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: കൊവിഡ് കാലത്ത് അമേരിക്കയിലെ മലയാളി സംഘടനകൾ ചേർന്ന് കേരളത്തിന് കൈമാറിയ വെന്റിലേറ്ററുകളിൽ മൂന്നെണ്ണം കാണാനില്ലെന്ന് ഫോമ പ്രസിഡന്റ് അനിയൻ ജോർജ്ജ്. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഫോമ കൊവിഡ് കാലത്ത് എട്ടര കോടി രൂപ പിരിച്ചുകൊടുത്തു. 18 വെന്റിലേറ്ററുകൾ കെഎംസിഎൽ വഴി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള താലൂക്ക്, ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജുകളിൽ ഏതിലെങ്കിലും കൊടുക്കാൻ വേണ്ടി കൈമാറി. കഴിഞ്ഞ തവണ കേരളത്തിൽ വന്നപ്പോൾ റാന്നി എംഎൽഎ വെന്റിലേറ്റർ കിട്ടിയില്ലെന്ന് പരാതി പറഞ്ഞു. ഇക്കാര്യം മന്ത്രിയോട് ചോദിച്ചു. സർക്കാരിന് നേരിട്ടല്ല വെന്റിലേറ്റർ കൊടുത്തത്. കെ എം സി എൽ വഴി ആശുപത്രികൾക്ക് കൈമാറാനായിരുന്നു നൽകിയത്. നാല് വെന്റിലേറ്റർ കെഎംസിഎൽ വെയർഹൗസിൽ ഇപ്പോഴും ഇരിക്കുന്നുവെന്ന് മന്ത്രി അയച്ച മറുപടിയിൽ പറയുന്നു. 1.90 കോടി രൂപ വരുന്നതാണ് ഒരു വെന്റിലേറ്റർ. അത് കേരളത്തിലെത്തിച്ചിട്ടും ഇവിടെ ആശുപത്രികളിലേക്ക് എത്തിക്കാൻ ഇവിടുത്തെ സംവിധാനങ്ങൾക്ക് കഴിയുന്നില്ല.' അതേസമയം 15 വെന്റിലേറ്റർ ആശുപത്രികളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭ ഉദ്ഘാടനത്തിന് ശേഷം നിശാഗന്ധിയുടെ പുറകിൽ അനിത പുല്ലയിൽ ഇരിക്കുന്നത് കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. അനിത പുല്ലയിൽ തന്നെക്കണ്ട് മാറി നടക്കുകയാണോയെന്ന് എന്നോട് ചോദിച്ചു. അനിത ഡെലിഗേറ്റ് അല്ലെന്ന് അറിയില്ലായിരുന്നു. അവരോട് സംസാരിച്ച് ഫോട്ടോയെടുത്ത ശേഷം താൻ നടന്നുപോയി. നിയമസഭാ മന്ദിരത്തിന് അകത്ത് അനിതയെ കണ്ടിട്ടില്ല. ടീ ബ്രേക്കിലാണ് പുറത്തേക്കിറങ്ങിയത് അപ്പോഴാണ് അനിതയെ കണ്ടതെന്നും അധ്ദേഹം പറഞ്ഞു.

നോർക്ക റൂട്സ് അമേരിക്കയിൽ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് കാലത്ത് അവിടെ മൂന്ന് പേര് കൂടി ഹെൽപ് ഡെസ്ക് തുറന്നിരുന്നു. ഒന്നും ചെയ്തില്ല. ഒരാഴ്ച മുൻപാണ് ലോക കേരള സഭയിൽ പങ്കെടുക്കാൻ അപേക്ഷ സമർപ്പിക്കാൻ ഫോം കിട്ടിയത്. പാർട്ടി നോക്കിയും മറ്റുമാണ് ഇവിടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നത്. ഒരു വർഷക്കാലം പ്രതിനിധികളെ തെരഞ്ഞെടുക്കാൻ സമയമുണ്ട്. എന്നാൽ അതൊന്നും ചെയ്യുന്നില്ല. അമേരിക്കയിൽ നിന്ന് വന്നവരിൽ മൂന്ന് പേർ മാത്രമാണ് വരാൻ അർഹതയുണ്ടായിരുന്നവരെന്നും അദ്ദേഹം പറഞ്ഞു.

ലോക കേരള സഭയിൽ ലോക മലയാളികൾ നേരിടുന്ന പ്രയാസങ്ങൾ ഉയർന്നുകേട്ടു. അമേരിക്കക്കാരുടെ രണ്ട് പ്രശ്നമാണ് ഉയർത്തിക്കാട്ടാനുണ്ടായിരുന്നത്. അമേരിക്കയിലും കാനഡയിലും സൗത്ത് അമേരിക്കയിലുമായി ആറ് ലക്ഷത്തോളം മലയാളികളുണ്ട്. അവരുടെ നാട്ടിലെ വസ്തുക്കൾ അയൽവാസികൾ കേസിൽ പെടുത്തി വില കുറച്ച് വിൽക്കേണ്ട സ്ഥിതിയിലേക്ക് എത്തിക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതി വേണമെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മകനടക്കമുള്ള തൊട്ടടുത്ത തലമുറയ്ക്ക് കേരളത്തിലേക്ക് വരാൻ താത്പര്യമില്ല. പ്രവാസികളുടെ മക്കളെ കേരളത്തിലേക്ക് സർക്കാർ ഇനീഷ്യേറ്റീവെടുത്ത് സമ്മർ ടു കേരള എന്ന പേരിൽ നാട് കാണിക്കാൻ അവസരമൊരുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.