നഗരസഭ അദ്ധ്യക്ഷയുടെ മുറി തുറക്കാൻ അനുവദിക്കരുതെന്ന് വിജിലൻസ് ആവശ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം സെക്രട്ടറി ക്യാബിൻ സീൽ ചെയ്തിരുന്നു.

കാക്കനാട്: തൃക്കാക്കര നഗരസഭയിലെ പണക്കിഴി പരാതിയിൽ വിജിലൻസിന്‍റെ പ്രാഥമിക റിപ്പോർട്ട് ഇന്ന് സമർപ്പിക്കും.ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പിടിച്ചെടുത്ത് പരിശോധിച്ച വിജിലൻസ് സംഘത്തിന് നഗരസഭ അദ്ധ്യക്ഷക്കെതിരെ മതിയായ തെളിവുകൾ ലഭിച്ചെന്നാണ് സൂചന. 

നഗരസഭ ചെയർപേഴ്സണെതിരെ കേസെടുത്ത് അന്വേഷിക്കുന്നതിൽ തടസ്സങ്ങളില്ലെന്നാണ് പ്രാഥമിക കണ്ടെത്തൽ. ദൃശ്യങ്ങളിൽ കൗൺസിലർമാർ കവറുമായി പോകുന്നത് ഉണ്ടെന്നും കൗൺസിലർമാരുടെ മൊഴിയെടുത്തപ്പോൾ ഇത് പണമാണെന്ന് വിശദീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. നഗരസഭാ ചെയർപേഴ്സന്റെ മൊഴി ആവശ്യമെങ്കിൽ രേഖപ്പെടുത്താമെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. 

അതേ സമയം അന്വേഷണവുമായി സഹകരിക്കുമെന്നും ഇന്ന് ഓഫിസിൽ പോകുമെന്നും നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ അറിയിച്ചു. സെക്രട്ടറി സീൽ ചെയ്ത മുറിയിൽ പ്രവേശിക്കുന്നത് ആലോചിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. 

നഗരസഭ അദ്ധ്യക്ഷയുടെ മുറി തുറക്കാൻ അനുവദിക്കരുതെന്ന് വിജിലൻസ് ആവശ്യപ്പെട്ടതോടെ കഴിഞ്ഞ ദിവസം സെക്രട്ടറി ക്യാബിൻ സീൽ ചെയ്തിരുന്നു. തന്‍റെ സാന്നിദ്ധ്യത്തിൽ വിജിലൻസ് മുറി തുറന്ന് പരിശോധിച്ചാൽ തടയില്ലെന്നാണ് അജിത തങ്കപ്പനും വ്യക്തമാക്കിയിട്ടുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight