തൃശൂര്‍ ജില്ല ആരെ തുണയ്‍ക്കും?.
ഒരുകാലത്ത് കെ കരുണാകരന്റെ തട്ടകമായിരുന്ന തൃശൂര്‍ വലതു പക്ഷത്തോട് കൂറുള്ള മണ്ണാണ് എന്നായിരുന്നു മുമ്പ് രാഷ്‍ട്രീയ നിരീക്ഷകര്‍ വിലയിരുത്തിപ്പോന്നിരുന്നത്. എന്നാല്‍ സമീപകാല തെരഞ്ഞെടുപ്പുകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇടതുപക്ഷത്തേക്കാണ് തൃശൂരിന്റെ ചായ്‍വ്. ഭരണപക്ഷ വിരുദ്ധ വികാരം ഇക്കുറി തുണയ്‍ക്കുമെന്നാണ് യുഡിഎഫിന്റെ വിശ്വാസം. എന്നാല്‍ കണ്ണൂര്‍ കോട്ട പോലെ തൃശൂരും ഇത്തവണയും തങ്ങള്‍ക്കൊപ്പം അടിയുറച്ചുനില്‍ക്കുമെന്നാണ് ഇടപക്ഷത്തിന്റെ പ്രതീക്ഷ. ആദ്യമായി ലോക്സഭയില്‍ തൃശൂരിലൂടെ അക്കൗണ്ട് തുറക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് എൻഡിഎ മത്സരത്തിനിറങ്ങുന്നത്. സുരേഷ് ഗോപിയാണ് തൃശൂരില്‍ നിന്ന് എൻഡിഎ ടിക്കറ്റില്‍ ലോക്സസഭയിലെത്തിയത്.
തൃശൂര്‍ ജില്ലയില്‍ 13 നിയസഭാ മണ്ഡലങ്ങളാണ് ഉള്ളത്. ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിഞ്ഞാലക്കുട, പുതുക്കാട്, ഗുരുവായൂര്‍, മണലൂര്‍, കയ്‍പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി എന്നീ മണ്ഡലങ്ങളാണ് അവ. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ 13ല്‍ 12ഉം ജയിച്ചത് എല്‍ഡിഎഫാണ്. ചാലക്കുടിയില്‍ മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. ഭരണം നിലനിര്‍ത്തുകയെന്ന ഒറ്റ ലക്ഷ്യത്തില്‍ എല്‍ഡിഎഫ് ശക്തന്റെ മണ്ണായി പേരുകേട്ട തൃശൂരില്‍ അങ്കപ്പുറപ്പാട് നടത്തുമ്പോള്‍ ഭരണത്തിലേറാൻ തൃശൂരും പിടിച്ചേതീരൂ എന്ന ഉത്തമബോധ്യത്തിലാണ് യുഡിഎഫിന്റെ പടയൊരുക്കങ്ങള്‍. എന്നാല്‍ സമീപ കാലങ്ങളില്‍ ഗണ്യമായി വോട്ട് ശതമാനം ഉയര്‍ത്താനായത് തങ്ങളെ തുണയ്‍ക്കുമെന്ന വിശ്വാസത്തിലാണ് എൻഡിഎ (തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായിരുന്നില്ല).
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ
യുഡിഎഫ് കാറ്റ് ആഞ്ഞുവീശിയ 2025ലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും തൃശൂര്‍ എല്‍ഡിഎഫിനൊപ്പം നിന്നതാണ് ചരിത്രം. പക്ഷേ 2020ലെ വലിയ മേധാവിത്വം നിലനിര്‍ത്താനായില്ല എന്നത് എല്‍ഡിഎഫിനെ കുഴയ്‍ക്കുന്നു. കോര്‍പ്പറേഷൻ പിടിക്കാനായി എന്നത് യുഡിഎഫിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനാണ്. മുൻസിപ്പാലിറ്റികളില്‍ ജില്ലയില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയപ്പോള്‍ രണ്ടെണ്ണം മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. ബ്ലോക്ക് പഞ്ചായത്തില്‍ 10 എണ്ണത്തിലാണ് എല്‍ഡിഎഫ് ഭരണത്തിലുള്ളത്. അഞ്ച് എണ്ണമാണ് യുഡിഎഫിന് ഒപ്പമുള്ളത്. ഗ്രാമപഞ്ചായത്തുകളിലാകട്ടെ 44 എണ്ണത്തില്‍ എല്‍ഡിഎഫ് ഭരണം നേടിയപ്പോള്‍ 34 എണ്ണത്തില്‍ ആണ് യുഡിഎഫിന് അധികാരത്തിലേറാനായത്. 2020 ല്‍ ജില്ലയില്‍ 69 പഞ്ചായത്തില്‍ എല്‍ഡിഎഫായിരുന്നു അധികാരത്തിലെത്തിയത്. അതുവെച്ച് നോക്കുമ്പോള്‍ 2020ലെ 16ല്‍ നിന്ന് വൻ മുന്നേറ്റമാണ് യുഡിഎഫിന് നടത്താനായത്.
ചേലക്കര മണ്ഡലം
ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂര്‍ക്കര, പാഞ്ഞാള്‍, പഴയന്നൂര്‍, തിരിവില്വാമല, വള്ളത്തോള്‍ നഗര്‍, വരവൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് ചേലക്കര മണ്ഡലം. പട്ടിക ജാതി സംവരണമുള്ള മണ്ഡലമാണ് ചേലക്കര. നിലവില്‍ സിപിഎമ്മിന്റെ ഉറച്ച മണ്ഡലമായാണ് ചേലക്കരയെ കണക്കാക്കുന്നത്. 1996 മുതല്‍ 2011 വരെ കെ രാധാകൃഷ്‍ണൻ തുടര്‍ച്ചായി മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ചേലക്കര. 2016ല്‍ സിപിഎമ്മിന്റെ യുആര്‍ പ്രദീപ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു. 2021ല്‍ വീണ്ടും കെ രാധാകൃഷ്‍ണൻ തന്നെ മത്സരിച്ച് വിജയിച്ചു. പിന്നീട് കെ രാധാകൃഷ്‍ണൻ ആലത്തൂരില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചപ്പോള്‍ 2024ല്‍ നടന്ന ഉപ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ രമ്യാ ഹരിദാസിനെ പരാജയപ്പെടുത്തി യുആര്‍ പ്രദീപ് വീണ്ടും നിയമസഭയിലെത്തി. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ അഞ്ചെണ്ണത്തില്‍ എല്‍ഡിഎഫ് അധികാരത്തിലേറിയപ്പോള്‍ മൂന്നെണ്ണത്തില്‍ യുഡിഎഫും ഒന്നില്‍ എൻഡിഎയുമാണ് ഭരണത്തിലുള്ളത്.
ചേലക്കര മണ്ഡലത്തില്‍ ഇത്തവണ യുഡിഎഫിന് വേണ്ടി മുസ്ലീം ലീഗാണ് മാറ്റുരയ്‍ക്കുന്നത്. ആദ്യമായാണ് ചേലക്കര മണ്ഡലം മുസ്ലിം ലീഗിന് ലഭിക്കുന്നത്. ശിവൻ വീട്ടിക്കുന്നാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എല്‍ഡിഎഫിനായി യുആര്‍ പ്രദീപ് തന്നെയാണ് ഇക്കുറിയും മണ്ഡലത്തില്‍ മത്സരത്തിനിറങ്ങുന്നത്. ബിജെപി നോർത്ത് ജില്ലാ വൈസ് പ്രസിഡന്റായ കെ ബാലകൃഷ്‍ണനാണ് ചേലക്കരയില്‍ നിന്ന് എൻഡിഎ ടിക്കറ്റില്‍ ജനവിധി തേടുന്നത്.
കുന്നംകുളം നിയമസഭാ മണ്ഡലം
സിപിഎം പ്രതിനിധി കെ രാധാകൃഷ്‍ണൻ വിജയിച്ച ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിലാണ് ഈ മണ്ഡലം. തലപ്പിള്ളി താലൂക്കിലാണ് ഈ മണ്ഡലം ഉള്‍പ്പെടുന്നത്. ഈ നിയോജകമണ്ഡലത്തിൽ കുന്നംകുളം നഗരസഭ, ചൊവ്വന്നൂർ, എരുമപ്പെട്ടി, കടങ്ങോട്, കാട്ടകാമ്പാൽ, പോർക്കുളം, വേലൂർ, കടവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നു. 2006 മുതല്‍ സിപിഎമ്മിനൊപ്പമാണ് മണ്ഡലം. 2021ല്‍ കോണ്‍ഗ്രസന്റെ കെ ജയശങ്കറെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ എസി മൊയ്‍തീൻ നിയമസഭയിലെത്തി. 2016ലും എ സി മൊയ്‍തീനായിരുന്നു മണ്ഡലത്തിന്റെ പ്രതിനിധി.
കുന്നംകുളത്തിന്റെ വികസന നായകനായി സിപിഎം ഉയർത്തിക്കാട്ടുന്ന എ സി മൊയ്‍തീനെ തന്നെയാണ് ഇത്തവണയും എല്‍ഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് ഇറക്കുന്നത് പി ടി അജയ് മോഹനെയാണ്. പ്രാദേശിക വിഷയങ്ങളും ഭരണവിരുദ്ധ വികാരവും വോട്ടാക്കി മാറ്റാനാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. എൻഡിഎ സഖ്യത്തിൽ ഇത്തവണ ബിഡിജെഎസ് ആണ് കുന്നംകുളത്ത് മത്സരിക്കുന്നത്. രജിൽ കെ ആർ സ്ഥാനാർത്ഥിയാകുന്നതോടെ ഈഴവ വോട്ടുകളിലും യുവ വോട്ടുകളിലും വലിയ വിള്ളൽ വീഴ്ത്താമെന്ന് എൻഡിഎ കണക്കുകൂട്ടുന്നു.
ഗുരുവായൂര്‍
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിലെ ഒരുമനയൂർ, കടപ്പുറം, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് , ഏങ്ങണ്ടിയൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകളും ഗുരുവായൂർ, ചാവക്കാട് മുനിസിപ്പാലറ്റികളും ഉൾപ്പെടുന്നതാണ് ഗുരുവായൂർ നിയമസഭാമണ്ഡലം. 2006 മുതല്‍ സിപിഎമ്മാണ് മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയിരിക്കുന്നത്. 2021 മുതല്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സിപിഎമ്മിന്റെ എൻ കെ അക്ബറാണ്.
മണ്ഡലം നിലനിര്‍ത്താൻ എൻ കെ അക്ബറിന് തന്നെയാണ് എല്‍ഡിഎഫ് ഇക്കുറിയും മത്സരിപ്പിപ്പിക്കുന്നത്. എന്നാല്‍ മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫിന് വേണ്ടി മുസ്ലീം ലീഗിലെ സി എച്ച് റഷീദിനെയാണ് സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. എൻഡിഎയ്‍ക്കായി ബിജെപിയുടെ ബി ഗോപാലകൃഷ്‍ണനാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്.
മണലൂര്‍ മണ്ഡലം
തൃശ്ശൂർ താലൂക്കിലെ അരിമ്പൂർ, മണലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ ചൂണ്ടൽ, കണ്ടാണശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ എളവള്ളി, മുല്ലശ്ശേരി, വാടാനപ്പള്ളി, പാവറട്ടി, ഗുരുവായൂർ നഗരസഭയിലെ പഴയ തൈക്കാട് ഗ്രാമപഞ്ചായത്ത്, വെങ്കിടങ്ങ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് മണലൂർ നിയമസഭാമണ്ഡലം. 2016 മുതല്‍ സിഎമ്മാണ് മണലൂരിനെ പ്രതിനിധാനം ചെയ്യുന്നത്. രണ്ട് വട്ടവും സിപിഎമ്മിന്റെ മുരളി പെരുനെല്ലിയാണ് മണലൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയത്.
മൂന്നാം തവണയും മണ്ഡലം നിലനിര്‍ത്താന്‍ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ പ്രൊഫ. സി.രവീന്ദ്രനാഥിനെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലം തിരിച്ചുപിടിക്കാൻ കോണ്‍ഗ്രസ് ടി എൻ പ്രതാപനെയാണ് ഇക്കുറി കളത്തിലിറക്കിയിരിക്കുന്നത്. അഡ്വക്കേറ്റ് കെ കെ അനീഷ്‌കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
വടക്കാഞ്ചേരി
തലപ്പിള്ളി താലൂക്കിലേയും തൃശ്ശൂർ താലൂക്കിലേയും പഞ്ചായത്തുകൾ ഉൾക്കൊണ്ടതാണ് ഈ നിയോജകമണ്ഡലം.തൃശ്ശൂർ താലൂക്കിലെ അടാട്ട്, അവണൂർ, കൈപ്പറമ്പ്, കോലഴി, മുളങ്കുന്നത്തുകാവ്, തോളൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തലപ്പിള്ളി താലൂക്കിലെ മുണ്ടത്തിക്കോട്, വടക്കാഞ്ചേരി നഗരസഭ, തെക്കുംകര എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നു. മുന്നണികള്‍ മാറിമറി ഭരിക്കുന്ന മണ്ഡലമാണ് വടക്കാഞ്ചേരി, 2016ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ മേരി തോമസിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ അനില്‍ അക്കര നിയമസഭയിലെത്തി. എന്നാല്‍ 2021ല്‍ അനില്‍ അക്കരയെ പരാജയപ്പെടുത്തി സിപിഎമ്മിന്റെ സേവ്യര്‍ ചിറ്റിലപ്പിള്ളി നിയമസഭയിലെത്തി.
വടക്കാഞ്ചേരി നിലനിര്‍ത്താൻ സേവ്യർ ചിറ്റിലപ്പിള്ളിയെ തന്നെയാണ് ഇക്കുറിയും എല്‍ഡിഎഫ് കളത്തിലിറക്കുന്നത്. വടക്കാഞ്ചേരി തിരിച്ചുപിടിക്കാൻ പി.എൻ. വൈശാഖിനെയാണ് യുഡിഎഫ് മത്സരത്തിനായി നിയോഗിച്ചിരിക്കുന്നത്. അഡ്വക്കറ്റ് ടി എസ് ഉല്ലാസ് ബാബുവാണ് മണ്ഡലത്തില്‍ നിന്ന് എൻഡിഎയ്‍ക്ക് വേണ്ടി വോട്ട് തേടുന്നത്.
ഒല്ലൂര്‍
തൃശ്ശൂർ താലൂക്കിലെ മാടക്കത്തറ, നടത്തറ, പാണഞ്ചേരി എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ കോർപ്പറേഷനിലെ 12, 13, 23 മുതൽ 31, 40 മുതൽ 42 വരെ വാർഡുകളും ഉൾക്കൊള്ളുന്നതാണ് ഒല്ലൂർ നിയമസഭാമണ്ഡലം
കോണ്‍ഗ്രസിനും ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് ഒല്ലൂരെങ്കിലും കഴിഞ്ഞ രണ്ട് ടേമുകളായി ഇടതുപക്ഷമാണ് നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത്. സിപിഎമ്മിലെ കെ രാജനാണ് 2016ലും 2021ലും ഒല്ലൂരില്‍ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത്. മണ്ഡലം രൂപീകൃതമായത് മുതൽ ഇടതും വലതും മാറി മാറി ഭരിച്ചിരുന്ന ഒല്ലൂരില്‍ ശക്തമായ അടിത്തറ ഉണ്ടാക്കാൻ സിപിഐക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സാധിച്ചിട്ടുണ്ട്. കേരളത്തിൽ ആര് ഭരിക്കുമെന്നത് ഒല്ലൂര് തീരുമാനിക്കുമെന്നത് രാഷ്ട്രീയ ചരിത്രം കൂടിയാണ്. കാരണം, ഇവിടെ ഏത് മുന്നണിയാണോ ജയിക്കുന്നത് ആ മുന്നണി തന്നെ നിയമസഭയിൽ ഭൂരിപക്ഷം നേടാറുള്ളതെന്ന കൗതുകവും ഒല്ലൂര്‍ മണ്ഡലത്തിന്‍റെ പ്രത്യേകതയാണ്.
ഹാട്രിക് വിജയം ലക്ഷ്യമിട്ട് കെ രാജൻ തന്നെയാണ് ഇത്തവണയും എല്‍ഡിഎഫിന് വേണ്ടി മാറ്റുരയ്‍ക്കുന്നത്. ഒല്ലൂര്‍ ഇത്തവണ തിരിച്ചുപിടിക്കും എന്ന് ഉറപ്പിച്ച് യുഡിഎഫിന് വേണ്ടി അഡ്വ. ഷാജി കോടന്‍ക്കണ്ടത്ത് ആണ് മത്സരത്തിനിറങ്ങുന്നത്. മണ്ഡലത്തിലെ മത്സര ചിത്രത്തിലില്ലെങ്കിലും വോട്ട് ഷെയർ വർധിപ്പിക്കാനുള്ള ശ്രമത്തില്‍ ബിജോയ് തോമിസിനെയാണ് ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.
തൃശൂര്‍
തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്നതാണ് തൃശ്ശൂർ നിയമസഭാമണ്ഡലം.
കോണ്‍ഗ്രസിനും വളക്കൂറുള്ള മണ്ണായ തൃശൂര്‍ നിയമസഭാ മണ്ഡലത്തെ കഴിഞ്ഞ രണ്ട് തവണയും പ്രതിനിധീകരിച്ചത് ഇടപക്ഷത്തിന്റെ സിപിഐ ആണ്. രണ്ട് വട്ടവും പരാജയപ്പെട്ടത് കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാലാണ്. 2016ല്‍ വി എസ് സുനില്‍ കുമാര്‍ നിയമസഭയിലെത്തിയപ്പോള്‍ 2021ല്‍ പി ബാലചന്ദ്രനാണ് തൃശൂരിനെ പ്രതിനിധാനം ചെയ്‍തത്.
ഇത്തവണ ഗ്ലാമര്‍ പോരാട്ടമാണ് തൃശൂരില്‍ നടക്കാനിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങിയ പത്മജ വേണുഗോപാല്‍ ഇത്തവണ ബിജെപിയുടെ ടിക്കറ്റിലാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലഘട്ടത്തിലാണ് പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം എടുത്തത്. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുഎഡിഎഫും തമ്മിലായിരുന്നു മുൻകാലങ്ങളിൽ പ്രധാന പോരാട്ടമെങ്കിൽ സമീപകാലത്ത് ഇവിടെ ബിജെപി വലിയ സ്വധീനം ഉറപ്പിച്ചിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്ന രാജൻ പല്ലൻ തൃശ്ശൂർ കോർപ്പറേഷൻ മുൻ മേയർ എന്ന നിലയിൽ മണ്ഡലത്തിന് ഏറെ പരിചിതനാണ്. മണ്ഡലത്തിലെ വോട്ടർമാരുമായുള്ള അടുത്ത ബന്ധവും കൗൺസിലർ എന്ന നിലയിലുള്ള പ്രവർത്തനപരിചയവും അദ്ദേഹത്തിന് കരുത്താകാനുള്ള സാധ്യതയുണ്ട്. സിപിഐക്ക് വേണ്ടി കവി കൂടിയായ ആലങ്കോട് ലീലാകൃഷ്‍ണനാണ് ഇത്തവണ കളത്തിലിറങ്ങുന്നത്. പൊന്നാനി സ്വദേശിയായ ഇദ്ദേഹം തൃശ്ശൂർ ജില്ലക്കാരനല്ല എന്നത് പ്രചാരണത്തിൽ എതിരാളികൾ ആയുധമാക്കുന്നുണ്ട്.
നാട്ടിക
തൃശ്ശൂർ താലൂക്കിലെ അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ ചേർപ്പ്, പാറളം, താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വല്ലപ്പാട്, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നാട്ടിക നിയമസഭാമണ്ഡലം. 2011 മുതൽ പട്ടിക ജാതി സംവരണ മണ്ഡലമാണ്.
2001ലും 2006ലും കോണ്‍ഗ്രസിന്റെ ടി എൻ പ്രതാപൻ വിജയിച്ച് കയറിയ മണ്ഡലമാണ് നാട്ടിക. എന്നാല്‍ 2011 മുതല്‍ 20021 വരെ സിപിഐ ആണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്‍തത്. നിലവില്‍ സിപിഐയുടെ സി സി മുകുന്ദനാണ് നാട്ടിക എംഎല്‍എ.
എന്നാല്‍ ഇത്തവണ മണ്ഡലം ശ്രദ്ധയാകര്‍ഷിക്കുന്നത് നിലവിലെ എംഎല്‍എ സി സി മുകുന്ദന്റെ ബിജെപിയിലേക്കുള്ള കൂറുമാറ്റത്തിലൂടെയാണ്. സിപിഐ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സി.സി. മുകുന്ദനാണ് ഇത്തവണ നാട്ടികയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി. അതേസമയം, 2011, 2016 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എയായ ഗീതാ ഗോപിയെയാണ് ഇടതുപക്ഷം ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ അഡ്വ. സുനില്‍ ലാലൂരാണ് നാട്ടികയിലെ യുഡിഎഫ് സ്ഥാനാര്‍ഥി.
കയ്‍പമംഗലം
കൊടുങ്ങല്ലൂർ താലൂക്കിലെ എടവിലങ്ങ് , എടത്തിരുത്തി, എറിയാട് കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് കയ്‍പമംഗലം നിയമസഭാമണ്ഡലം.
ഇടതുപക്ഷത്തിന് വേണ്ടി ഘടകകക്ഷിയായ സിപിഐ മത്സരിക്കുന്ന മണ്ഡലമാണ് കയ്‍പമംഗലം, നിലവില്‍ സിപിഐയുടെ ഇ ടി ടൈസണാണ് പ്രതിനിധി. 2016ലും ഇ ടി ടൈസണാണ് ഇവിടെ നിന്ന് വിജയിച്ച് നിയമസഭയിലെത്തിയത്. 2011ല്‍ വിഎസ് സുനില്‍ കുമാറാണ് സിപിഐ ടിക്കറ്റില്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയത്.
എല്‍ഡിഎഫിന് വേണ്ടി സിപിഐ സ്ഥാനാര്‍ഥി കെ കെ വത്സരാജാണ് ഇത്തവണ കയ്‍പമംഗലത്ത് മത്സരിക്കാനിറങ്ങുന്നത്. കയ്പമംഗലം നിയോജക മണ്ഡലത്തിലെ എടവിലങ്ങ് കാതിയാളം സ്വദേശിയുമായ ടി എം നാസറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിഡി.ജെ.എസ് സിറ്റി ജില്ലാ പ്രസിഡന്റ് അതുല്യഘോഷ് വെട്ടിയാട്ടിൽ ആണ് എൻഡിഎ സ്ഥാനാര്‍ഥി.
ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട നഗരസഭയും മുകുന്ദപുരം താലൂക്കിലെ ആളൂർ, കാറളം, കാട്ടൂർ മുരിയാട്, പടിയൂർ, പൂമംഗലം, വേളൂക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്നതാണ് ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം.
2001 മുതല്‍ 2011 വരെ യുഡിഎഫിന്റെ ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) പ്രതിനിധി തോമസ് ഉണ്ണിയാടൻ മത്സരിച്ച് വിജയിച്ച മണ്ഡലമാണ് ഇരിങ്ങാലക്കുട. 2016ല്‍ തോമസ് ഉണ്ണിയാടനെ സിപിഎമ്മിന്റെ കെ യു അരുണ്‍ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2021ല്‍ സിപിഎമ്മിന്റെ തന്നെ ആര്‍ ബിന്ദു തോമസ് ഉണ്ണിയാടനെ (കേരള കോണ്‍ഗ്രസ് ജോസഫ്) തന്നെ പരാജയപ്പെടുത്തി സഭയിലെത്തി.
ഉന്നത വിദ്യാഭ്യാസ മന്ത്രി കൂടിയായ ആര്‍ ബിന്ദു സിപിഎമ്മിന് വേണ്ടി രണ്ടാമങ്കത്തിനിറങ്ങുകയാണ് ഇത്തവണ ഇരിങ്ങാലക്കുടയില്‍. യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത് ഇത്തവണയും തോമസ് ഉണ്ണിയാടൻ തന്നെയാണ്. ഇരിങ്ങാലക്കുട എൻഡിഎ സ്ഥാനാർഥി സന്തോഷ് ചെറാക്കുളം ആണ്.
പുതുക്കാട് നിയമസഭാമണ്ഡലം
മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗർ, മറ്റത്തൂർ , നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ താലൂക്കിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പുതുക്കാട് നിയമസഭാമണ്ഡലം/ 2011 മുതല്‍ 2021 വരെ സിപിഎമ്മാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2011ലും 2016ലും സി രവീന്ദ്രനാഥ് നിയമസഭയിലെത്തിയപ്പോള്‍ 2021 മുതല്‍ കെ കെ രാമചന്ദ്രനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
സിറ്റിംഗ് എംഎൽഎ കെ കെ രാമചന്ദ്രൻ തന്നെയാണ് ഇടതുപക്ഷത്തിനായി വീണ്ടും കളത്തിലിറങ്ങുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ എം ബാബുരാജിനെയാണ് കോൺഗ്രസ് ഇത്തവണ പുതുക്കാട് പിടിക്കാൻ നിയോഗിച്ചിരിക്കുന്നത്. ബിജെപി ഇത്തവണയും എ നാഗേഷിനെ തന്നെയാണ് മത്സരരംഗത്തിറക്കിയിരിക്കുന്നത്. 2021ല്‍ നാഗേഷ് 34,893 വോട്ടുകള്‍ നേടിയിരുന്നു.
ചാലക്കുടി
ചാലക്കുടി നഗരസഭയും ചാലക്കുടി താലൂക്കിലെ അതിരപ്പിള്ളി, കാടുകുറ്റി, കൊടകര കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയാരം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ചാലക്കുടി നിയമസഭാമണ്ഡലം
2006 മുതല്‍ 2016വരെ സിപിഎമ്മിന്റെ ബി ഡി ദേവസ്സി പ്രതിനിധീകരിച്ച നിയസഭാ മണ്ഡലമാണ് ചാലക്കുടി. എന്നാല്‍ സിപിഎമ്മിന്റെ ഡെന്നിസ് കെ ആന്റണിയെ പരാജയപ്പെടുത്തി 2021ല്‍ കോണ്‍ഗ്രസിന്റെ സനീഷ് കുമാര്‍ ജോസഫ് നിയമസഭയിലെത്തി.
ചാലക്കുടിയില്‍ ഇത്തവണ എല്‍ഡിഎഫ് ഒരു അപ്രതീക്ഷിത നീക്കമാണ് നടത്തിയത്. കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജു ചിറയത്തിനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാക്കിയത്. സ്ഥാനാര്‍ഥിയാകുന്നതിനാണ് ഇദ്ദേഹം മുൻസിപ്പല്‍ അംഗത്വം രാജിവെച്ചിരുന്നു.
സിറ്റിംഗ് എംഎല്‍എയായ സനീഷ് കുമാര്‍ ജോസഫിനെ തന്നെയാണ് ഇക്കുറിയും യുഡിഎഫ് ചാലക്കുടിയില്‍ മത്സരത്തിന് നിയോഗിച്ചിരിക്കുന്നത്. അഡ്വ. ചാർളി പോളിനെയാണ് എൻഡിഎയെ മണ്ഡലത്തില്‍ മത്സരത്തിനിറക്കിയിരിക്കുന്നത്.
കൊടുങ്ങല്ലൂര്‍
കൊടുങ്ങല്ലൂർ നഗരസഭയും കൊടുങ്ങല്ലൂർ താലൂക്കിലെ പൊയ്യ ,മുകുന്ദപുരം താലൂക്കിലെ അന്നമനട, കുഴൂർ, മാള, പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം
എല്‍ഡിഎഫ് ഘടകകക്ഷിയായ സിപിഐ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് കൊടുങ്ങല്ലൂര്‍. 2016 മുതല്‍ 2021 വരെ തുടര്‍ച്ചയായി സിപിഐയുടെ വി ആര്‍ സുനില്‍ കുമാറാണ് മണ്ഡലത്തിന്റെ എംഎല്‍എ. 2011ല്‍ ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസിന്റെ ടി എൻ പ്രതാപനായിരുന്നു മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയത്.
സീറ്റ് നിലനിര്‍ത്താൻ അഡ്വ. വി ആർ സുനിൽകുമാറിനെ തന്നെയാണ് എല്‍ഡിഎഫ് നിയോഗിച്ചിരിക്കുന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷാണ് കൊടുങ്ങല്ലൂരിലെ യുഡിഎഫ് സ്ഥാനാർഥി. ഡോ വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 പ്രതിനിധിയായി എൻഡിഎ ടിക്കറ്റില്‍ മത്സരിക്കുന്നു. ഡോ. വര്‍ഗീസ് ജോര്‍ജ്, ട്വന്റി20 പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയാണ്.
