തൃശൂര്‍: തൃശൂരില്‍ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത കര്‍ഷകൻ ഔസേപ്പിന്‍റെ കടബാധ്യതകള്‍ എഴുതിത്തള്ളാൻ ബാങ്കുകൾക്ക് കളക്ടറുടെ നിർദേശം. പ്രളയകാലത്തുണ്ടായ കൃഷിനാശത്തിന് ധനസഹായം കിട്ടിയില്ലെന്ന പരാതിയില്‍ കളക്ടര്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി.

തൃശൂര്‍ മരോട്ടിച്ചാലിലെ വാഴകര്‍ഷകനായ ഔസേപ്പ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 75,000 ഉം ഗ്രാമീണ ബാങ്കില് നിന്ന് 50,000 രൂപയുമാണ് വായ്പ എടുത്തിരുന്നത്. രണ്ടു ബാങ്കുകളോടും വായ്പ എഴുതി തള്ളണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൃഷി നശിച്ചതോടെ വായ്പ തിരിച്ചടവ് മുടങ്ങുകയും ബാങ്കില്‍ നിന്ന് ജപ്തിനോട്ടീസ് വരികയും ചെയ്തിരുന്നു. ഇതില്‍ മനംനൊന്താണ് ഔസേപ്പ് ആത്മഹത്യ ചെയ്തതെന്നാണ് മക്കളുടെ പരാതി. ചെറിയ തുകക്ക് പോലും ജപ്തി നോട്ടീസ് അയക്കുന്ന ബാങ്കുകളുടെ നടപടി ധിക്കാരമാണെന്ന് കഴിഞ്ഞ ദിവസം കൃഷി മന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കളക്ടര്‍ ഔസേപ്പിന്‍റെ വീട്ടിലെത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

രണ്ടു ബാങ്കുകളോടും വായ്പ എഴുതി തള്ളണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം പ്രളയകാലത്തുണ്ടായ കൃഷിനാശത്തിന് ധനസഹായം കിട്ടാത്ത സാഹചര്യമെന്തെന്നും പരിശോധിക്കും. 86 വയസുള്ള ഔസേപ്പ് കഴിഞ്ഞ 65 വര്‍ഷമായി കൃഷി ചെയ്താണ് ജീവിച്ചിരുന്നത്. 10 സെൻറ് സ്ഥലവും വീടും പണയം വെച്ചാണ് വായ്പ എടുത്തിരുന്നത്.