ആനപാപ്പാൻമാരെ ആർടിപിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം. രോഗലക്ഷണമുളള പാപ്പാൻമാര്‍ക്ക് മാത്രം പരിശോധന നടത്തണം.

തൃശ്ശൂർ: തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു. പൂരം അട്ടിമറിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്നാണ് പാറമേക്കാവ് ദേവസ്വത്തിൻറ പ്രധാന ആരോപണം.

ആനപാപ്പാൻമാരെ ആർടിപിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണം. രോഗലക്ഷണമുളള പാപ്പാൻമാര്‍ക്ക് മാത്രം പരിശോധന നടത്തണം. ഒറ്റ ഡോസ് വാക്സീൻ എടുത്തവർക്കും പ്രവേശനം നൽകണം എന്നിങ്ങനെയാണ് ദേവസ്വങ്ങളുടെ പ്രധാന ആവശ്യം. പക്ഷേ, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. നാളെ രാവിലെ പത്തരയ്ക്ക് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ഈ ആവശ്യങ്ങൾ അവതരിപ്പിക്കും. പുതിയ നിയമങ്ങൾ അടിച്ചേൽപിക്കുന്നത് പൂരം നടത്തിപ്പിനെ ബാധിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പ്രതീകരിച്ചു. 

പൂരത്തിനുളള പ്രവേശനപാസ് നാളെ പത്ത് മണി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം.
പൂരത്തിന് 72 മണിക്കൂര്‍ മുമ്പാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തേണ്ടത്. ഈ പരിശോധനാഫലം പോർട്ടലിൽ അപ്ലോഡ് ചെയ്താൽ മാത്രമേ പൂരത്തിനുള്ള പാസ് കിട്ടൂ. ഇതൊക്കെയാണെങ്കിലും പൂരവുമായി മുന്നോട്ട് പോകാൻ തന്നെയാണ് ദേവസ്വങ്ങളുടെ തീരുമാനം.