വെടിക്കെട്ട് സാമഗ്രികൾ മൈതാനത്ത് നിന്ന് നീക്കുക പ്രയാസമായതിനാൽ ആണ് പൊട്ടിച്ച് നശിപ്പിക്കാൻ തീരുമാനമെടുത്തത്. ദേശക്കാരെ പൂർണമായും മൈതാനത്ത് നിന്നു നീക്കിയ ശേഷമാണ് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്.

തൃശ്ശൂർ:  അപകടത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിനായി ഒരുക്കിയ വെടിക്കോപ്പുകൾ പൊട്ടിച്ചു തീർത്തു. വെടിക്കോപ്പുകൾ കുഴികളിൽ നിറച്ചതിനാൽ പൊട്ടിക്കുന്നത് ഒഴിവാക്കാനാവില്ലെന്നു അധികൃതർ വ്യക്തമാക്കി. ഫലത്തിൽ പൊട്ടച്ച് തീർക്കൽ വെടിക്കെട്ടു തന്നെയായി മാറി. തിരുവമ്പാടിയായിരുന്നു ആദ്യം തീ കൊളുത്തിയത്. നഗരത്തെ പ്രകമ്പനം കൊള്ളിച്ചായിരുന്നു വെടിക്കോപ്പുകൾ പൊട്ടിയത്. തിരുവമ്പാടിയും പാറമേക്കാവും വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് വെടിക്കെട്ട് സാമഗ്രികൾ നേരത്തെ ഒരുക്കിയിരുന്നു.

YouTube video player

വെടിക്കെട്ട് സാമഗ്രികൾ മൈതാനത്ത് നിന്ന് നീക്കുക പ്രയാസമായതിനാൽ ആണ് പൊട്ടിച്ച് നശിപ്പിക്കാൻ തീരുമാനമെടുത്തത്. ദേശക്കാരെ പൂർണമായും മൈതാനത്ത് നിന്നു നീക്കിയ ശേഷമാണ് തീ കൊളുത്താൻ പൊലീസ് അനുമതി നൽകിയത്. അപകടം ഇല്ലാതിരിക്കാൻ പല തവണ വെടിക്കെട്ട് സാമഗ്രികൾ പൊലീസ് പരിശോധിച്ചു. പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന് തീ കൊളുത്തിയപ്പോൾ പുലർച്ചെ അഞ്ചു മണി കഴിഞ്ഞിരുന്നു.

അർധരാത്രി മഠത്തിൽ വരവ് പഞ്ചവാദ്യത്തിനിടെയാണ് കൂറ്റൻ ആൽമരം ഒടിഞ്ഞ് വീണ് രണ്ട് പേരുടെ ജീവനെടുത്ത ദുരന്തം ഉണ്ടായത്. 25 പേർക്ക് പരുക്കേറ്റു. മരിച്ചവർ രണ്ടു പേരും തിരുവമ്പാടി ദേശക്കാരാണ്. തിരുവമ്പാടിയുടെ രാത്രി എഴുന്നള്ളിപ്പിനിടെയായിരുന്നു അപകടം. ബ്രഹ്മസ്വം മoത്തിൻ്റെ മുന്നിലുള്ള കൂറ്റൻ ആൽമരത്തിൻ്റെ ഒരു ഭാഗമാണ് ഒടിഞ്ഞു വീണത്.

ഈ സമയം രാത്രിയിലെ മoത്തിൽ വരവ് പഞ്ചവാദ്യം നടക്കുകയായിരുന്നു. വാദ്യക്കാരുടേയും ദേശക്കാരുടേയും പൊലീസുകാരുടേയും ദേഹത്തേയ്ക്കാണ് മരം വീണത്. മരച്ചില്ലകൾക്കിടയിൽ കുടുങ്ങി കിടന്നവരെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. തൃശൂർ പൂച്ചെട്ടി സ്വദേശി രമേശ്, പൂങ്കുന്നം സ്വദേശി രാധാകൃഷ്ണൻ എന്നിവർ മരിച്ചു. ഇരുവരുടേയും തലയ്ക്കായിരുന്നു പരുക്ക്. പരുക്കേറ്റ 25 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് പലരും രക്ഷപ്പെട്ടത്.

പൊലീസും ഫയർഫോഴ്സും ദേശക്കാരും ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഏറെ പഴക്കമുള്ള ആൽമരമാണ് ഒടിഞ്ഞ് വീണത്. കാറ്റോ മഴയോ ഉണ്ടായിരുന്നില്ല. അപകടം നടക്കുമ്പോൾ സമീപത്തെ പന്തലിൽ തിടമ്പേറ്റി നിന്നിരുന്ന കൊമ്പൻ കുട്ടൻകുളങ്ങര അർജുനൻ പരിഭ്രാന്തിയിൽ ഓടി. ആനയെ പെട്ടെന്ന് തളച്ചു.