വയനാട്ടിലെ പുല്‍പ്പള്ളി-ബത്തേരി പാതയിലൂടെ കടന്നു പോകുന്ന യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

കൽപറ്റ: സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ മൊബൈല്‍ വീഡിയോയിലെ കടുവ വയനാട്ടില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വീഡിയോ ചുറ്റിയുള്ള അന്വേഷണത്തിനാലാണ് സംഭവം വയനാട്ടില്‍ തന്നെയാണ് നടന്നത് സ്ഥിരീകരിക്കുന്നത്. 

രണ്ട് ബൈക്ക് യാത്രികരെ വനത്തില്‍ നിന്നും കുതിച്ചെത്തിയ കടുവ പിന്തുടരുന്നതും ബൈക്ക് അതിവേഗമോടിച്ച് യാത്രക്കാര്‍ രക്ഷപ്പെടുന്നതുമാണ് വൈറലായ മൊബൈല്‍ വീഡിയോയില്‍ ഉണ്ടായിരുന്നത്. വയനാട്ടിലെ പുല്‍പ്പള്ളി-ബത്തേരി പാതയില്‍ വട്ടപ്പാടി എന്ന പ്രദേശത്താണ് ഈ സംഭവം നടന്നത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

ഈ പരിസരത്ത് തന്നെ കടുവയുണ്ടായേക്കാം എന്ന നിഗമനത്തില്‍ ഇതുവഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. അമിത വേഗതയില്‍ ഇതുവഴി പോകരുത്. വഴിയില്‍ എവിടെയും വാഹനം പാര്‍ക്ക് ചെയ്യരുത്. കടുവയെ കണ്ടെത്താന്‍ പ്രദേശത്ത് പ്രത്യേക നിരീക്ഷണക്യാമറ സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.