Asianet News MalayalamAsianet News Malayalam

മരട്: താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയവും തീർന്നു, ആരും അപേക്ഷിച്ചില്ല

വൈകിട്ട് മൂന്ന് മണി വരെയായിരുന്നു താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി. ആരും അപേക്ഷിക്കാതിരുന്നതിനാൽ താൽക്കാലിക പുനരധിവാസം വേണ്ടെന്ന റിപ്പോർട്ട് സർക്കാരിന് നൽകുമെന്നാണ് നഗരസഭയുടെ നിലപാട്. 

time limit for maradu flat owners applying temporary shelter ends all party meet today
Author
Kochi, First Published Sep 17, 2019, 4:35 PM IST

കൊച്ചി: മരടിൽ സുപ്രീംകോടതി പൊളിക്കാൻ വിധിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലെ ഫ്ലാറ്റുടമകൾക്ക് താൽക്കാലിക പുനരധിവാസത്തിന് അപേക്ഷിക്കാനുള്ള സമയപരിധി അവസാനിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ താൽക്കാലിക പുനരധിവാസം വേണ്ടവർ അപേക്ഷിക്കണമെന്നാണ് മരട് നഗരസഭ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ആരും അത്തരത്തിലൊരു അപേക്ഷ ഉന്നയിച്ചില്ല. ഇതോടെ, താൽക്കാലിക പുനരധിവാസം ആർക്കും വേണ്ടെന്ന റിപ്പോർട്ട് സർക്കാരിന് നൽകുമെന്നാണ് നഗരസഭയുടെ നിലപാട്. 

375 കുടുംബങ്ങളാണ് അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങളിലായി താമസിക്കുന്നത്. ഒഴിഞ്ഞുപോകണമെന്ന നഗരസഭയുടെ നോട്ടീസ് ഈ ഫ്ലാറ്റുടമകളാരും ഇതുവരെ കൈപ്പറ്റിയിട്ടില്ല. അതുകൊണ്ടുതന്നെ, താൽക്കാലിക പുനരധിവാസം വേണോ എന്ന് ചോദിച്ചുകൊണ്ടുള്ള നോട്ടീസും ആരും കൈപ്പറ്റുകയോ മറുപടി നൽകുകയോ ചെയ്തില്ല.

ഇന്ന് വൈകിട്ട് മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗം നടക്കാനിരിക്കുകയാണ്. എന്നാൽ മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിൽ ഒരു അന്തിമതീരുമാനമെടുക്കാനല്ല സർവകക്ഷിയോഗമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായം തേടാനാണ് സര്‍വ്വകക്ഷിയോഗമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പരിഹാരം കോടതിയില്‍ നിന്ന് തന്നെയാണ് വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഹോളി ഫെയ്ത്ത് ബിൽഡേഴ്സ് ആന്‍റ് ഡെവലപ്പേഴ്സ് ലിമിറ്റഡിന്‍റെ ഹോളി ഫെയ്ത്ത് എച്ച്ടുഒ, ആൽഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ നെട്ടൂരുള്ള ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കെ വി ജോസ് ഗോൾഡൻ കായലോരം, ജെയ്ൻ ഹൗസിംഗ് ആന്‍റ് കൺസ്ട്രക്ഷൻസിന്‍റെ നെട്ടൂർ കേട്ടേഴത്ത് കടവിലുള്ള ജെയിൻ കോറൽ കോവ്, ഹോളിഡേ ഹെറിറ്റേജ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഹോളിഡേ ഹെറിറ്റേജ് (നിർമാണം തീർന്നിട്ടില്ല) എന്നിവയാണ് സുപ്രീംകോടതി പൊളിക്കാനുത്തരവിട്ട ഫ്ലാറ്റുകൾ. 

സെപ്റ്റംബർ 15-നാണ് ഫ്ലാറ്റുകളിൽ നിന്ന് ഒഴിയാൻ നഗരസഭ നൽകിയ അവസാനതീയതി. എന്നാൽ ഒഴിയില്ലെന്ന ഉറച്ച നിലപാടിലാണ് ഫ്ലാറ്റുടമകൾ. സുപ്രീംകോടതി വിധി പുനഃപരിശോധിക്കണം. ഇല്ലെങ്കിൽ ഞങ്ങളെ വച്ച് തന്നെ കെട്ടിടം പൊളിയ്ക്കട്ടെ എന്ന കടുത്ത നിലപാടിൽ ഫ്ലാറ്റുടമകൾ തുടരുന്നു. സെപ്റ്റംബർ 20 ആണ് ഫ്ലാറ്റ് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി നിർദേശിച്ച അവസാനദിവസം. സെപ്റ്റംബർ 23-ന് ഫ്ലാറ്റ് പൊളിച്ചു നീക്കിയെന്ന റിപ്പോർട്ടുമായി ചീഫ് സെക്രട്ടറിയോട് ഹാജരാകാനാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്.

എന്നാൽ സിപിഎമ്മും കോൺഗ്രസുമടക്കമുള്ള രാഷ്ട്രീയപാർട്ടികൾ മരടിലെ ഫ്ലാറ്റുടമകൾക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്നാണ് വി എസ് അച്യുതാനന്ദന്‍റെയും വി എം സുധീരന്‍റെയും നിലപാട്. മരടിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ബിൽഡർമാരിൽ നിന്ന് ഈടാക്കണമെന്ന് ഇരുനേതാക്കളും ആവശ്യപ്പെടുന്നു. പക്ഷേ, യുഡിഎഫിലും എൽഡിഎഫിലും വിഷയത്തെച്ചൊല്ലി ഭിന്നതകളുണ്ടെന്നത് വ്യക്തം. മരട് ഫ്ലാറ്റ് പൊളിക്കൽ പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ എംപിമാരായ എൻ കെ പ്രേമചന്ദ്രനും ടി എൻ പ്രതാപനും ഒപ്പിട്ടിട്ടില്ല. 

എന്നാൽ ഒന്നുമറിയില്ലെന്ന നിലപാടിലാണ് ബിൽഡർമാരിപ്പോൾ. ഫ്ലാറ്റുകൾ വിൽപന നടത്തിക്കഴിഞ്ഞു. അതിൻമേലുള്ള ഉടമസ്ഥാവകാശം ഇനി ഫ്ലാറ്റുടമകൾക്കാണെന്നും ബിൽഡർമാർ വാദിക്കുന്നു. ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീംകോടതിയുടെ അന്തിമ വിധിയിൽ നിയമലംഘനം നടത്തിയ കെട്ടിടമുടമകളിൽ നിന്ന് ഫ്ലാറ്റിലെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഈടാക്കാമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനിടയിലാണ് നിർമ്മാതാക്കളുടെ കൈയ്യൊഴിയൽ. ഫ്ലാറ്റ് ഒഴിപ്പിക്കുമ്പോൾ 343 കുടുംബങ്ങളിലായി 1472 പേരെ പുനരധിവസിപ്പിക്കേണ്ടിവരുമെന്ന് മരട് നഗരസഭ ജില്ലാ കളക്ടർക്ക് കത്ത് നൽകി. ഒഴിപ്പിക്കലുമായോ കണക്കെടുപ്പിലോ കുടുംബങ്ങൾ സഹകരിക്കുന്നില്ല. അതിനാൽ തുടർനടപടി എങ്ങനെ വേണമെന്ന് സർക്കാർ നിർദ്ദേശിക്കണമെന്നും നഗരസഭ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios