കോഴിക്കോട്: ജീവനൊടുക്കുമെന്ന് ഫേസ്ബുക്കിലൂടെ ഭീക്ഷണി മുഴക്കിയ ശേഷം കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറി ഡ്രൈവര്‍ ആത്മഹത്യക്ക് ശ്രമിച്ചു. അമിത ഭാരം കയറ്റിയ ടിപ്പര്‍ലോറിക്ക് പിഴ ചുമത്തിയതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ ശ്രമം. നാട്ടുകാര്‍ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഇര്‍ഷാദ് അപകട നില തരണം ചെയ്തു.

ഫേസ്ബുക്കിലൂടെ ഭീക്ഷണി മുഴക്കിയ ശേഷമാണ് നെല്ലിക്കാ പറമ്പ് സ്വദേശിയായ മുഹമ്മദ് ഇര്‍ഷാദ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഫേസ്ബുക്ക് ലൈവ് കണ്ട് ഓടിയെത്തിയ സുഹൃത്തുക്കള്‍ ഉടനെ ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായി. ഓപ്പറേഷന‍് വാള്‍ സ്റ്റോണ്‍ എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇര്‍ഷാദിന്‍റെ വാഹനം പിടികൂടുന്നത്. ജിയോളജി അനുവദിച്ച 8.5 ടണ്ണിലധികം കല്ല് കയറ്റിയതിനാലായിരുന്നു നടപടി. ഇര്‍ഷാദിന്‍റേതടക്കം പതിനൊന്ന് ലോറികളില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. 

വിജിലന്‍സിന്‍റെ ശുപാര്‍ശ പ്രകാരം ജിയോളജി വകുപ്പാണ് പിഴ ചുമത്തിയത്. ക്രമക്കേട് കണ്ടെത്തിയതിനാലാണ് പിഴ ചുമത്തിയെന്നും പൊലീസിന്‍റെ ഭാഗത്ത് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നുമാണ് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി പി ജി ജോണ്‍സന്‍റെ വിശദീകരണം.