സത്യത്തിനൊപ്പമാണ്. വെറുപ്പിന്‍റെ ഉപാസകരെ ഒരിക്കലും പേടിക്കില്ല. അവരോട് മരണം വരെ സന്ധിയുമില്ല. അതുകൊണ്ട്, ബിജെപി പ്രസിഡന്‍റിന്‍റെ ഭീഷണി തന്‍റെ അടുത്ത് വേണ്ട.
തൃശൂര്‍: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള കാഹളം മുഴങ്ങാനിരിക്കെ തൃശൂര്‍ എംപി ടി എൻ പ്രതാപനും ബിജെപിയും തമ്മിലുള്ള വാക് യുദ്ധം മുറുകുന്നു. പാർലമെന്‍റിൽ ചെന്ന് മോദിയുടെയും അമിത് ഷായുടെയും നേർക്ക് നേർക്കുനിന്ന് സത്യം വിളിച്ചു പറഞ്ഞിട്ടുണ്ടെന്ന് പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖത്തു നോക്കി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. സ്‌കൂൾ കാലം മുതൽക്കേ ആർഎസ്എസ് ഗുണ്ടകളെ കണ്ടും നേരിട്ടും വളർന്നുവന്ന പൊതുപ്രവർത്തകനാണ് താൻ.
സത്യത്തിനൊപ്പമാണ്. വെറുപ്പിന്‍റെ ഉപാസകരെ ഒരിക്കലും പേടിക്കില്ല. അവരോട് മരണം വരെ സന്ധിയുമില്ല. അതുകൊണ്ട്, ബിജെപി പ്രസിഡന്‍റിന്‍റെ ഭീഷണി തന്‍റെ അടുത്ത് വേണ്ട. മതനിരപേക്ഷതയും ജനാധിപത്യവും സോഷ്യലിസവും ഭരണഘടനയാൽ ജീവിത മന്ത്രമാണ്. തന്‍റെ പൊതുജീവിതത്തിന് ഒരു ആർഎസ്എസുകാരന്‍റെയും സർട്ടിഫിക്കേറ്റ് വേണ്ട, ഗാന്ധിഘാതകരുടെ വോട്ടും വേണ്ടെന്ന് പ്രതാപൻ തുറന്നടിച്ചു.
നിരോധിക്കപ്പെട്ട പിഎഫ്ഐ അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ടി എൻ പ്രതാപൻ എംപി കഴിഞ്ഞ ദിവസവും വെല്ലുവിളിച്ചിരുന്നു. പിഎഫ്ഐ അംഗങ്ങളാണ് പ്രതാപന്‍റെ ശിങ്കിടികളെന്ന് കെ സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതാപൻ രംഗത്തെത്തിയത്. തനിക്ക് പിഎഫ്ഐ ബന്ധമുണ്ടെങ്കിൽ സുരേന്ദ്രൻ അത് തെളിയിക്കണമെന്ന് പ്രതാപൻ പറഞ്ഞു.
അതേസമയം, യൂത്ത് കോൺഗ്രസ് തൃശൂരിൽ നടത്തിയ ചാണകവെള്ളം തളിച്ചുകൊണ്ടുള്ള സമരത്തെ പ്രതാപൻ തള്ളിപ്പറയുകയും ചെയ്തിരുന്നു. ചാണകവെള്ളം തളിച്ച സമരത്തോട് യോജിപ്പില്ലെന്ന് പ്രതാപൻ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വേദിക്കരികിൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണക വെള്ളം തളിച്ച് സമരം നടത്തിയത്. ഇത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷമുണ്ടാവുകയായിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്.
