കോതമംഗലത്ത് 23 കാരിയുടെ മരണം, പെട്രോൾ പമ്പുകളിലെ ശുചിമുറികളുടെ ഉപയോഗം സംബന്ധിച്ച കോടതി വിധിയിലെ ഭേതഗതി, കേരളത്തിൽ തിരിച്ചെത്തുന്ന കാലവർഷം, അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ബിജെപിയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും വെട്ടിലാക്കി ഉന്നയിച്ച കള്ളവോട്ട് ആരോപണത്തിൽ ദേശീയ രാഷ്ട്രീയവും കേരള രാഷ്ട്രീയവും പുകയുകയാണ്. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയം കള്ളവോട്ട് ചെയ്താണെന്ന സിപിഎം, കോൺഗ്രസ് ആരോപണം വലിയ വിവാദത്തിന് തിരി കൊളുത്തി. പ്രതിരോധിക്കാൻ സോമിയ ഗാന്ധിയുടെ പേരുള്ള വോട്ടർ ലിസ്റ്റുമായി ബിജെപി രംഗത്തെത്തിയതോടെ ആരോപണ പ്രത്യാരോപണങ്ങൾ ഉയരുകയാണ്. കോതമംഗലത്ത് 23 കാരിയുടെ മരണം, പെട്രോൾ പമ്പുകളിലെ ശുചിമുറികളുടെ ഉപയോഗം സംബന്ധിച്ച കോടതി വിധിയിലെ ഭേദഗതി, കേരളത്തിൽ തിരിച്ചെത്തുന്ന കാലവർഷം, അറിയാം ഇന്നത്തെ പ്രധാന വാർത്തകൾ.
വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കോണ്‍ഗ്രസിനെതിരെ ബിജെപി. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് മുൻപ് സോണിയ ഗാന്ധിയുടെ പേര് വോട്ടർപട്ടികയിലുണ്ടായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. ഇത് സംബന്ധിച്ച രേഖ ബിജെപി നേതാവ് അനുരാഗ് താക്കൂർ പുറത്ത് വിട്ടു. സോണിയ ഗാന്ധിയുടെ പേര് 1980ലെ വോട്ടർ പട്ടികയിലുണ്ട്. സഫ്ദർജംഗ് റോഡിലെ നൂറ്റി നാൽപത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയിൽ വ്യക്തമാണ്. അനധികൃത കുടിയേറ്റക്കാർക്ക് വേണ്ടിയും കള്ളവോട്ടിന് വേണ്ടിയുമാണ് കോൺഗ്രസ് ബഹളം വയ്ക്കുന്നതെന്നും അനുരാഗ് താക്കൂർ പരിഹസിച്ചു.
'സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയൽ കാർഡുകളും'
തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശ്ശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്കില്‍ കുറിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകളുമുണ്ടെന്നാണ് അനിൽ അക്കര ഫേസ്ബുക്കിലൂടെ പറയുന്നത്.
തന്റെ ജീവന് ഭീഷണിയെന്ന് രാഹുൽ ഗാന്ധി
തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് രാഹുൽഗാന്ധി പൂനെ കോടതിയിൽ. സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഇത്തരത്തിൽ പരാമർശിച്ചത്. സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെയും തനിക്കെതിരായ കേസിലെ പരാതിക്കാരൻ ആയ സത്യകി സവർക്കറുടെ വംശ പരമ്പരയുടെയും പേരിലാണ് ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചത്.
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗ ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി
പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗവുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തി ഹൈക്കോടതി. ആർക്ക് എപ്പോൾ വേണമെങ്കിലും പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സുരക്ഷാ പ്രശ്നം ഉണ്ടെങ്കിൽ മാത്രമേ തടയാവൂ എന്ന് ഹൈക്കോടതി വ്യക്തമാക്കി. പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങളെ പബ്ലിക് ടോയ്ലറ്റുകളായി കണക്കാക്കാമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ഒരു വിഭാഗം ഡീലർമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കോതമംഗലത്തെ 23 കാരിയുടെ ആത്മഹത്യ: റമീസിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുക്കും
കോതമംഗലത്ത് 23 കാരി ആത്മഹത്യ ചെയ്ത കേസിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്ത് നൽകി. സോനയുടെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിക്കുന്ന റമീസിന്റെ സുഹൃത്തിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി. ഇയാളെ ഉടൻ കസ്റ്റഡിയിലെടുത്തേക്കും. റമീസിനെ കസ്റ്റഡിയിൽ കിട്ടുന്ന പുറകെ വിശദമായ തെളിവെടുപ്പിനും കൂടുതൽ ചോദ്യം ചെയ്യാനുമാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.
ന്യൂനമർദം കൂടുതൽ ശക്തിയർജിച്ച് നീങ്ങാൻ സാധ്യത, കേരളത്തിലേക്ക് കാലവർഷം തിരിച്ചെത്തുന്നു
ബംഗാൾ ഉൾക്കടലിലെ ന്യുനമർദ്ദ സ്വാധീനം മൂലം എല്ലാ ജില്ലകളിലും മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ - ഒഡിഷ തീരത്തിന് സമീപമാണ് ന്യുനമർദ്ദം രൂപപ്പെട്ടത്. ഇത് കൂടുതൽ ശക്തിയർജിച്ച് ആന്ധ്രാ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്ന് മുതൽ അടുത്ത 2-3 ദിവസം കൂടുതൽ പ്രദേശങ്ങളിൽ മഴയിൽ വർധനവ് പ്രതീക്ഷിക്കാം. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്.
കുവൈത്തിലെ വിഷമദ്യ ദുരന്തം, മരിച്ചവരിൽ മലയാളികളും ഉണ്ടെന്ന് സൂചന
കുവൈത്തില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ച പ്രവാസികളില്‍ മലയാളികളും ഉണ്ടെന്ന് സൂചന. അഹമ്മദി ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിലായി വിഷമദ്യം കഴിച്ച് 10 പ്രവാസികള്‍ മരിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തിരുന്നു. 10 വ്യത്യസ്ത സ്ഥലങ്ങളിലാണ് മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്.


