Asianet News MalayalamAsianet News Malayalam

Tomato price| പെട്രോളിന് പിന്നാലെ 'സെഞ്ച്വറിയടിച്ച്' തക്കാളി; പൊള്ളും വിലക്ക് പിന്നിലെ കാരണം

കേരളം പച്ചക്കറിക്ക് പ്രധാനമായി ആശ്രയിക്കുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മഴയാണ് വിലവര്‍ധനവിന് കാരണം. കര്‍ണാടകയില്‍ ഇത്തവണ മികച്ച വിള പ്രതീക്ഷിച്ച തുംകൂരു, തുപ്കൂര്‍, ചിക്കബെല്ലാപുര്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും മഴ കനത്ത നാശമുണ്ടാക്കി.
 

tomato price hits Rs 100
Author
Thiruvananthapuram, First Published Nov 20, 2021, 8:14 PM IST

കൊച്ചി: സംസ്ഥാനത്ത് തക്കാളിയുടെ വില (Tomato price) നൂറുകടന്നു. കഴിഞ്ഞ ആഴ്ചകളിലാണ് തക്കാളി വില ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. ചില്ലറ വിപണിയില്‍ ഒന്നാം തരം തക്കാളിക്ക് 98-100 രൂപയാണ് വില. തക്കാളി കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ നവംബര്‍ മാസത്തില്‍ പെയ്ത അപ്രതീക്ഷിത മഴയാണ് (Heavy Rain) തക്കാളിവില ഉയരാന്‍ കാരണമെന്നും കര്‍ഷകരും വില്‍പ്പനക്കാരും പറയുന്നു. തമിഴ്‌നാട്, കര്‍ണാടക എന്നിവയാണ് തക്കാളി കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങള്‍.  മഴകാരണം തക്കാളിയുടെ ഗുണനിലവാരവും കുറഞ്ഞു. രണ്ടാം തരം തക്കാളിക്ക് കിലോക്ക് 80 രൂപ മുതലാണ് വില. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലും ഗ്രാമീണ മേഖലയിലും വില 100 കടന്നു. മഴ ശക്തമായതോടെ മറ്റ് പച്ചക്കറികളുടെ വിലയിലും കാര്യമായ വര്‍ധനവുണ്ടായി. കേരളം പച്ചക്കറിക്ക് പ്രധാനമായി ആശ്രയിക്കുന്ന തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ മഴയാണ് വിലവര്‍ധനവിന് കാരണം.

കര്‍ണാടകയില്‍ ഇത്തവണ മികച്ച വിള പ്രതീക്ഷിച്ച തുംകൂരു, തുപ്കൂര്‍, ചിക്കബെല്ലാപുര്‍ തുടങ്ങിയ എല്ലാ സ്ഥലങ്ങളിലും മഴ കനത്ത നാശമുണ്ടാക്കി. വിള നശിച്ചതോടെ കര്‍ഷകരും ദുരിതത്തിലാണ്. സംസ്ഥാനത്തും മഴ കനത്തതിനാല്‍ ആഭ്യന്തര ഉല്‍പാദനത്തിലും ഇടിവ് നേരിട്ടു. വലിയ ഉള്ളിയുടെ വിലയും 50 രൂപ കടന്നിട്ടുണ്ട്. മൂന്ന് മാസം മുമ്പ് 26-30 രൂപയായിരുന്ന വലിയ ഉള്ളി ഇപ്പോള്‍ 50-60 രൂപയാണ് ചില്ലറ വിപണിയില്‍ ഈടാക്കുന്നത്. പാചകഎണ്ണയുടെ വിലയും ഉയര്‍ന്നു. 15 ലിറ്റര്‍ ക്യാനിന് 1300 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷം വിലയെങ്കില്‍ ഇപ്പോള്‍  2500 രൂപയാണ് വില. അതോടൊപ്പം പാചകവാതക വില ഉയര്‍ന്നതും അടുക്കള ബജറ്റ് ഉയരാന്‍ കാരണമായി. 
 

Follow Us:
Download App:
  • android
  • ios