Asianet News MalayalamAsianet News Malayalam

മരട്: അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും: കൂടുതല്‍ പേരെ പ്രതി ചേര്‍ത്തേക്കും

 2006ൽ ചേർ‍ന്ന മരട് പ‌ഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെയാണ് ഫ്ലാറ്റുകൾ നിർമ്മിക്കാൻ അനുമതി നൽകിയതെന്ന് അറസ്റ്റിലുള്ള മുൻ പഞ്ചായത്ത് സെക്രട്ടറി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. 

Tomin Thachankary says they will investigate politicians role in maradu flat case
Author
Kochi, First Published Oct 20, 2019, 1:48 PM IST

കൊച്ചി: മരടിൽ നിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും. നിയമം ലംഘിച്ച് ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ മുൻ  മരട് പഞ്ചായത്ത് അംഗങ്ങളുടെ പങ്കും ക്രൈംബ്രാഞ്ച് അന്വേഷിക്കും.  കേസിൽ കൂടുതൽ പേർ പ്രതികളാകുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരി  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 2006ൽ ചേർ‍ന്ന മരട് പ‌ഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദത്തോടെയാണ് ഫ്ലാറ്റുകൾ നിർമ്മിക്കാൻ അനുമതി നൽകിയതെന്ന് അറസ്റ്റിലുള്ള മുൻ പഞ്ചായത്ത് സെക്രട്ടറി ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. 

എന്നാൽ യോഗത്തിൽ അത്തരമൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അന്നത്തെ പഞ്ചായത്ത് പ്രസിഡന്‍റായ കെ എ ദേവസ്സി മിനിറ്റ്സ് തിരുത്തിയതാണെന്നും ഭരണ പ്രതിപക്ഷ അംഗങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ്  ക്രൈംബ്രാഞ്ചും രാഷ്ടീയ നേതാക്കളുടെ പങ്കിൽ അന്വേഷണം തുടങ്ങിയിട്ടുള്ളത്. ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച മൊഴിയും പഞ്ചായത്ത് രേഖകളും വിശദമായി പരിശോധിച്ച ശേഷം  മുൻ പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള ആളുകളെ ചോദ്യം ചെയ്യാനാണ് നീക്കം. നിയമം ലംഘിച്ച് നിർമ്മാണത്തിന് അനുമതി നൽകിയ ആരും രക്ഷപ്പെടില്ല. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണെന്നും ടോമിൻ തച്ചങ്കരി പറഞ്ഞു.

കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാനും നീക്കമുണ്ട്.  രാഷ്ട്രീയ നേതാക്കളും ഫ്ലാറ്റ് നിർമ്മാണ കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും കേസിൽ പ്രതികളാകും. ഇതിനിടെ മരടിൽ നഷ്ടപരിഹാരം ലഭിക്കാനുള്ള 107 പേരോട് ഇന്ന് മുതൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പടെ അടങ്ങിയ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ നഗരസഭ അറിയിച്ചിട്ടുണ്ട്. സത്യവാങ്ങ്മൂലത്തിലെ വിവരങ്ങൾ പരിശോധിച്ച് രണ്ട് ദിവസത്തിനകം നഷ്ടപരിഹാര തുക അക്കൗണ്ടിൽ നിക്ഷേപിക്കാനാണ് നഗരസഭയുടെ തീരുമാനം.

 


 

Follow Us:
Download App:
  • android
  • ios