കല്‍പ്പറ്റ: പത്രങ്ങളും സമൂഹമാധ്യമങ്ങള്‍ വഴിയും മുന്‍കൂട്ടി അറിയിപ്പ് നല്‍കി അധികൃതരുടെ വാഹനപരിശോധന വേറിട്ടതായി. എങ്കിലും നിയമലംഘകരുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നില്ല. നിരവധി പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്. മാനന്തവാടി താലൂക്കിലെ വിവിധയിടങ്ങളില്‍ നടത്തിയ സംയുക്ത വാഹന പരിശോധനയില്‍ 108 വാഹനങ്ങള്‍ക്ക് എതിരെ നടപടി എടുത്തു. 

ഹെല്‍മെറ്റ് ധരിക്കാതെ എത്തിയ അറുപത്തി അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഇവരുടെ ലൈസന്‍സ് അസാധുവാക്കും. ബൈക്ക് രൂപമാറ്റം വരുത്തിയതിനും സയലന്‍സര്‍ മാറ്റിയതിനും പന്ത്രണ്ട് പേര്‍ പിടിയിലായി. ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചതിന് ഇരുപത്തി അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കേസുകളിലായി 1,66,500 രൂപ പിഴ ചുമത്തിയിട്ടുണ്ട്. മാനന്തവാടി താലൂക്കിൽ വാഹന അപകടങ്ങൾ പതിവായതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കുന്നത്.