തിരുവനന്തപുരം: അരുവിക്കരയുടെ വിനോദസഞ്ചാര മേഖലയെ ഉപയോഗപ്പെടുത്താൻ സമഗ്രമായ പദ്ധതി വേണമെന്ന് നാട്ടുകാർ. ടൂറിസം വികസനത്തിന് അഞ്ചുകോടി ചെലവാക്കുമെന്ന് സർക്കാർ രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും കാര്യമായ പദ്ധതികളൊന്നും നടപ്പായില്ല. മനോഹരമായ പ്രദേശമാണെങ്കിലും അരുവിക്കരയുടെ ടൂറിസം സാധ്യതകൾ ഇതുവരെ കാര്യമായി വിനിയോഗിച്ചിട്ടില്ല. സഞ്ചാരികൾക്കുളള പ്രാഥമിക സൗകര്യങ്ങൾ പോലും ഇവിടെയില്ല. 

ഒഴിവുനേരങ്ങൾ ചെലവിടാനും പ്രകൃതിഭംഗി ആസ്വദിക്കാനും നിരവധി പേരാണ് ദിനംതോറും അരുവിക്കരയിലെത്തുന്നത്. എന്നാൽ ആവശ്യത്തിന് ശുചിമുറികളോ ഭക്ഷണശാലകളോ ഒന്നും ഇവിടെയില്ല. എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശിവ പാർക്കാണ് അരുവിക്കരയിലെ പ്രധാന ആകർഷണം.

എന്നാൽ അറ്റകുറ്റപ്പണി നടത്താതെയും കാടുപിടിച്ചും അവഗണനയിലാണ് ഈ പാർക്ക്. ഡാമിന്‍റെ ജലസംഭരണി ശുചീകരിച്ച ശേഷം വിനോദ സഞ്ചാരപദ്ധതികൾ ആസൂത്രണം ചെയ്യാനാണ് ജല അതോറിട്ടിയുടെ പദ്ധതി. ജലസംഭരണിയിൽ ബോട്ടിംഗ് തുടങ്ങുന്നത് അടക്കം പരിഗണനയിലാണ്. വിനോദസഞ്ചാരികൾക്കുളള അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയാൽ അരവിക്കരയ്ക്ക് മുന്നിലുളളത് വലിയ സാധ്യതകളാണ്.