Asianet News MalayalamAsianet News Malayalam

അവിഹിതബന്ധം കോണ്‍ഗ്രസ് നേതാവിന് കെണി ഒരുക്കി അയല്‍ക്കാര്‍ ; രക്ഷിച്ചത് ആന്‍റണിയെന്ന് സെന്‍കുമാര്‍

വന്‍ വിവാദമായി മാറുമായിരുന്ന സംഭവം താന്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് എ കെ ആന്‍റണി ഇടപെട്ട് ഒതുക്കുകയായിരുന്നു എന്നാണ് മുന്‍ഡിജിപിയുടെ വെളിപ്പെടുത്തല്‍

tp senkumar revile story of congress leader who saved by antony
Author
Kerala, First Published May 3, 2019, 6:34 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവിന്‍റെ അവിഹിത ബന്ധത്തില്‍ കുരുക്കിലാകുമായിരുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാറിനെ രക്ഷിച്ചത് എകെ ആന്‍റണിയുടെ ഇടപെടലായിരുന്നു എന്ന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. 'എന്‍റെ പോലീസ് ജീവിതം' എന്ന തന്‍റെ ഔദ്യോഗിക ജീവിതം വിവരിക്കുന്ന പുസ്തകത്തിലാണ് സെന്‍കുമാറിന്‍റെ വെളിപ്പെടുത്തല്‍. കൊച്ചിയിലെ ഒരു ഫ്ളാറ്റില്‍ ഭര്‍ത്തൃമതിയായ യുവതിയുമായി മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവിന് അവിഹിത ബന്ധം ഉണ്ടായിരുന്നതായും ആറു വര്‍ഷം മുമ്പ് അയല്‍ക്കാര്‍ ഇളകി ഇയാളെ തടഞ്ഞുവച്ചു.

വന്‍ വിവാദമായി മാറുമായിരുന്ന സംഭവം താന്‍ വിളിച്ചു പറഞ്ഞത് അനുസരിച്ച് എ കെ ആന്‍റണി ഇടപെട്ട് ഒതുക്കുകയായിരുന്നു എന്നാണ് മുന്‍ഡിജിപിയുടെ വെളിപ്പെടുത്തല്‍. അന്നത്തെ ഇടപെടലിലൂടെ ആന്‍റണി രക്ഷിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയായിരുന്നുവെന്നും സെന്‍കുമാര്‍ പറയുന്നു. പുസ്തകത്തിന്റെ 158-മത്തെ പേജിലാണ് വിവാദ വെളിപ്പെടുത്തല്‍. 2013 ല്‍ സെന്‍കുമാര്‍ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവിയായി ഇരിക്കുമ്പോഴാണ് സംഭവം.

സംഭവം പുസ്തകത്തില്‍ പറയുന്നത് ഇങ്ങനെ, ഭരണഘടനാ പദവി വഹിക്കുന്ന ഒരു നേതാവാണ് വ്യക്തി. നിരന്തരം ഫ്ലാറ്റിലെ ഭര്‍ത്തൃമതിയായ ഒരു യുവതിയുമായിട്ട് ആയിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ ബന്ധം. നേതാവിന്‍റെ ഈ പതിവ് പോക്കുവരവ് ഫ്ലാറ്റിലെ അയല്‍ക്കാര്‍ക്ക് ശല്യമായി തുടങ്ങി. അവര്‍ ഒരു നാള്‍ നേതാവിനെ പിടിക്കാന്‍ കെണിയൊരുക്കി കാത്തിരിക്കുമ്പോള്‍ ഒരാള്‍ വിളിച്ചു പറയുകയായിരുന്നു. വിവരമറിഞ്ഞപ്പോള്‍ തന്നെ ആ ഭാഗത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിന്നും വിവരശേഖരണം നടത്തുകയും സംഗതി സത്യമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

സംഭവം സര്‍ക്കാരിന്‍റെ പ്രതിഛായയെ ബാധിക്കുന്ന കാര്യമാണെന്ന് തോന്നിയതിനാല്‍ എകെ ആന്‍റണിയെ കൊണ്ടു നേതാവിനോട് പറയിക്കുന്നതാണ് നല്ലതെന്ന് തോന്നി. തുടര്‍ന്ന് തനിക്ക് ഏറ്റവും പരിചയമുള്ള ആന്‍റണിയുടെ പി എ പ്രതാപനെ വിളിച്ചു വിവരം പറഞ്ഞു. പ്രതാപന്‍ വഴി സാവകാശം സംഭവം പറഞ്ഞു മനസ്സിലാക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പ്രതാപന്‍ അപ്പോള്‍ തന്നെ ഫോണ്‍ ആന്‍റണിക്ക് കൈമാറി. എന്തായാലും സംഭവിക്കേണ്ടത് സംഭവിച്ചില്ല. ആന്‍റണി അദ്ദേഹത്തെ വിളിച്ച് വിവരം പറഞ്ഞിരിക്കാമെന്നും സെന്‍കുമാര്‍ പറയുന്നു.

ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്നു വിചാരിച്ചു വേണമെങ്കില്‍ വിട്ടുകളയാമായിരുന്നു. എന്നാല്‍ താന്‍ അത് ചെയ്തില്ല. ഇന്‍റലിജന്‍സ് മേധാവി എന്ന നിലയില്‍ സര്‍ക്കാരിന്‍റെ പ്രതിഛായ നഷ്ടപ്പെടാതെ നോക്കേണ്ടതും ഉത്തരവാദിത്വമാണല്ലോ എന്ന കരുതിയാണ് ഇക്കാര്യം ആന്റണിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ തീരുമാനിച്ചത്. 

Follow Us:
Download App:
  • android
  • ios