Asianet News MalayalamAsianet News Malayalam

കിരൺകുമാറിനെ സർവ്വീസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ഗതാഗതമന്ത്രി വിസ്മയയുടെ വീട്ടിലെത്തുന്നു

കിരണിനെ പുറത്താക്കിയിതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

transport minister visit vismayas house after dismissing accused kiran kumar from service
Author
Kollam, First Published Aug 7, 2021, 12:34 AM IST

കൊല്ലം: കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തിന്‍റെ ഇരയായി മരിച്ച വിസ്മയയുടെ വീട്ടില്‍ ഗതാഗത മന്ത്രി ആന്‍റണി രാജു ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ പതിനൊന്ന് മണിയോടെയാകും നിലമേലിലുളള വിസ്മയയുടെ വീട്ടില്‍ മന്ത്രി എത്തുക. ബന്ധുക്കളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനാണ് ഗതാഗത മന്ത്രിയുടെ സന്ദര്‍ശനം.

കേസില്‍ അറസ്റ്റിലായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിനെ മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് പുറത്താക്കാനുളള തീരുമാനം ഇന്നലെ മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ഇന്നത്തെ സന്ദര്‍ശനം.

അതേസമയം കിരണിനെ പുറത്താക്കിയിതിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ട് നടക്കുന്ന കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടും യാതൊരു ദാക്ഷിണ്യവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സാമൂഹ്യവിരുദ്ധതയും ഗുരുതരമായ നിയമലംഘനവും പെരുമാറ്റ ദൂഷ്യവും വഴി പൊതുജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും അന്തസ്സിനും സല്‍പ്പേരിനും കളങ്കം വരുത്തിയിട്ടുള്ളതിനാല്‍ 1960-ലെ കേരളാ സിവില്‍ സര്‍വ്വീസ് ചട്ടം പ്രകാരമാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാര്‍ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ല എന്ന 1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 93(ഇ)യുടെ ലംഘനവും ഈ കേസില്‍ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ലിംഗനീതിയും സമത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയമാണ് എല്‍.ഡി.എഫ് സര്‍ക്കാരിനുള്ളതെന്നും പിണറായി പറഞ്ഞു. സ്ത്രീധന സമ്പ്രദായത്തിനെതിരെ ശക്തമായ നിലപാടുകളുമായാണ് ഇപ്പോള്‍ കേരളം മുന്‍പോട്ടു പോകുന്നത്. കേരള സമൂഹത്തില്‍ നിലനില്‍ക്കുന്ന ഈ പ്രവണതകള്‍ ഇല്ലാതാക്കാന്‍ ജനങ്ങളും സര്‍ക്കാരിനൊപ്പം നിലയുറപ്പിക്കണം. സ്ത്രീധന സമ്പ്രദായമുള്‍പ്പെടെയുള്ള അപരിഷ്‌കൃതവും നീതിശൂന്യവും ആയ അനാചാരങ്ങള്‍ ഉച്ഛാടനം ചെയ്ത് സമത്വപൂര്‍ണമായ നവകേരളം സൃഷ്ടിക്കാന്‍ നമുക്കൊരുമിച്ചു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona‍‍‍

Follow Us:
Download App:
  • android
  • ios