സംസ്ഥാന സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ 2011ലും 2014ലും ന്യൂഡെല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഈ ഭൂമിയിലുള്ള നിര്‍മ്മാണ അപേക്ഷകള്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്, കൈവിട്ടുപോയ ഭൂമി തിരികെ പിടിക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബം നീക്കം ശക്തമാക്കിയത്.
ദില്ലി: രാജ്യതലസ്ഥാനത്തെ 12 ഏക്കറോളം ഭൂമിയുടെ ഉടമസ്ഥാവകാശത്തിനായി തിരുവിതാംകൂര്‍ രാജകുടുംബം നിയമപോരാട്ടത്തിനൊരുങ്ങുന്നു. പട്ടയം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജകുടുംബാഗമായ ആദിത്യവര്‍മ്മ നല്‍കിയ കത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം തേടിയിട്ടുണ്ട്.
ഡല്‍ഹിയിലെ ട്രാവന്‍കൂര്‍ ഹൗസിന്‍റെയും കപൂര്‍ത്തല പ്ളോട്ടിന്‍റേയും ഉടമസ്ഥാവകാശമാണ് തിരുവിതാംകൂര്‍ രാജകുടുംബം ആവശ്യപ്പെടുന്നത്.
1916ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ഏക്കറിന് 1800 രൂപ നിരക്കിലാണ് ട്രാവന്‍കൂര്‍ ഹൗസ് സ്ഥിതി ചെയ്യുന്ന 8 ഏക്കര്‍ ഭൂമി വാങ്ങിയത്. കപൂര്‍ത്തല മഹാരാജാവില്‍ നിന്ന് ശ്രീചിത്രതിരുനാള്‍ മഹാരാജാവ് 1936ല്‍ 6 ഏക്കര്‍ ഭൂമി 11000 രൂപക്ക് വാങ്ങിയെന്നും രാജകുടുംബം പറയുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കായി ഈ രണ്ട് ഭൂമിയും വിട്ടുകൊടുത്തു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലായിരുന്നു. ഈ സ്ഥലത്ത് പല കെട്ടിടങ്ങളും ഉയര്‍ന്നു. 1988ല്‍ സുപ്രീംകോടതി 3.88 ഏക്കറിന്‍റെ കൈവശാവകാശം സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് ഉടമസ്ഥാവകാശമില്ലാത്തതിനാല്‍ 2011ലും 2014ലും ന്യൂഡെല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ ഈ ഭൂമിയിലുള്ള നിര്‍മ്മാണ അപേക്ഷകള്‍ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ്, കൈവിട്ടുപോയ ഭൂമി തിരികെ പിടിക്കാന്‍ തിരുവിതാംകൂര്‍ രാജകുടുംബം നീക്കം ശക്തമാക്കിയത്. 1967ല്‍ കേരള എഡ്യൂക്കേഷന്‍ സൊസൈറ്റിക്ക് കൈമാറിയ. 2.16 ഏക്കര്‍ഒഴികെയുള്ള ഭൂമി തിരികെ വേണമെന്നാണ് ആവശ്യം.
വിവിധ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും നാഷണല്‍ ആര്‍ക്കൈവ്സില്‍ നിന്നും ലഭിച്ച രേഖകള്‍ അനുസരിച്ച് സംസ്ഥാന സര്‍ക്കാരിന് ഭൂമിയില്‍ കൈവശാവകാശം മാത്രമേയുളളുവെന്ന് വ്യക്തമായി.കേന്ദ്ര ലാന്‍ഡ് ഡലവപ്മെന്‍റ് ഓഫീസര്‍ക്ക് ആദിത്യവര്‍മ്മ നല്‍കിയ കത്തില്‍ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. രാജകുടുംബത്തിന്‍റെ കത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ വിശദീകരണം കേന്ദ്രം തേടിയിട്ടുണ്ട്. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഭൂമി ഇടപാടുകള്‍ ഉള്‍പെട്ടതിനാല്‍ ഈ അവകാശ തര്‍ക്കം ഏറെ നീളാനാണ് സാധ്യത.
