തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറി തട്ടിപ്പ് കേസിൽ പ്രതിസ്ഥാനത്തുള്ള ബിജുലാലിന്റെ ഇടപാടുകളെ കുറിച്ച് അന്വേഷണം തുടങ്ങി. അതേസമയം കേസിൽ ഒന്നും പറയാറായിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ പ്രതികരണം.  ബിജുലാൽ കഴിഞ്ഞ വർഷം മുതൽ നിരവധി തട്ടിപ്പുകൾ നടത്തിയെന്നാണ് പൊലീസിൻറെ എഫ്ഐആറിൽ പറയുന്നത്.

വഞ്ചിയൂർ പൊലീസ് നടത്തിയ അന്വേഷണമാണ് ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണർ സുൾഫിക്കറിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കൈമാറിയത്.  രണ്ടു കോടി തട്ടിയെടുത്ത ബിജുലാലിനെ ഇനിയും കണ്ടെത്താൻ പൊലീസിന് കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്. സൈബർ സെല്ലിലെ ഉദ്യോഗസ്ഥരും ഷാഡോ പൊലീസും സംഘത്തിലുണ്ട് . ബിജുലാലിന്റെ കരമനയിലും ബാലരാമപുരത്തുമുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തി. ട്രഷറി ഡയറക്ടറുടെ ഓഫീസിലും പൊലീസ് പരിശോധന നടത്തി. 

കഴിഞ്ഞ വർഷം ഡിസംബർ 23 മുതൽ ജൂലൈ 31വരെ നിരവധി പ്രാവശ്യം ബിജു ലാൽ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിൻറെ എഫ്ഐആർ. തട്ടിപ്പിൻറെ വ്യാപ്തി ഇപ്പോള്‍ പുറത്തുവന്നതിനെക്കാള്‍ വലുതായിരിക്കുമെന്നാണ് പൊലീസിൻറെ വിലയിരുത്തൽ. കമ്പ്യൂട്ടർ വിഗ്ദൻ കൂടിയായ ബിജുലാൽ സോഫ്റ്റുവയറിയിലെ അപാകത മനസിലാക്കി നിരവധി പ്രാവശ്യം പണം ചോർത്തിയിരിക്കാമെന്നാണ് കരുതുന്നത്. ഓണ്‍ ലൈൻ ചീട്ടു കളിക്ക് ലഭിച്ച പണത്തിന് 14,000 രൂപ കഴി‌ഞ്ഞ സാമ്പത്തിക വർഷം ബിജുലാൽ നികുതി അടച്ചിട്ടുണ്ട്. 

ബിജുലാലിന് സാങ്കേതിക വിദ്ഗരുടെ ഉപദേശം ലഭിച്ചിട്ടുണ്ടോ, മറ്റെതെങ്കിലും ഉദ്യോഗസ്ഥർ പങ്കാളികളാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്. ബിജുലാലിൻറെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിശദംശങ്ങളും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്ന ധനകാര്യ വകുപ്പിലെ വിദഗ്ദ സമതിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാകും ബിജുലാലിനെ പിരിച്ചുവിടുന്ന നടപടികള്‍ തുടങ്ങുക.