തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളില്‍ കൊവിഡ് ഇതര ചികില്‍സ അത്യാവശ്യക്കാർക്കു മാത്രമായി പരിമിതപ്പെടുത്താന്‍ ആലോചന. കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ, വിധഗ്ധ ചികില്‍സ നല്‍കാന്‍ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. 

കോഴിക്കോട്, പരിയാരം മെഡിക്കല്‍ കോളജുകളിലാണ് സ്ഥിതി രൂക്ഷമാണ്. ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾക്ക് വീടുകളിൽ ചികിത്സ നൽകുന്ന രീതി സംസ്ഥാനത്ത് തുടങ്ങിയിട്ടും മെഡിക്കൽ കോളേജുകളിലെ സമ്മര്‍ദ്ദത്തിന് കുറവില്ല. മെഡിക്കൽ കോളേജിലെത്തുന്ന രോഗികളില്‍ കാറ്റഗറി സി അഥവാ വിധഗ്ധ ചികില്‍സ ആവശ്യമുളള രോഗികളുടെ എണ്ണം താരതമ്യേനെ കുറവാണ്. 

കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലാത്ത രോഗികളെ ഫസ്റ്റ്‍ലൈൻ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സിക്കാമെന്നിരിക്കെ എല്ലാ വിഭാഗത്തിലുളള രോഗികളെ മോഡിക്കല്‍ കോളജുകളിലേക്ക് അയക്കുന്ന രീതി ഉടന്‍ അവസാനിപ്പിക്കണമെന്ന് മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഏറെ നാളായി ആവശ്യപ്പെട്ടിരുന്നു. കൊവിഡിന്‍റെ ആദ്യ ഘട്ടത്തില്‍ പാലിച്ചിരുന്ന നിയന്ത്രണം പല ആശുപത്രികളിലും ഇപ്പോഴില്ല. ലോക്ക്ഡൗണില്‍ ഇളവ് വന്നതോടെ മെഡിക്കല്‍ കോളജുകളിലെ ഒപികളിലെത്തുന്ന രോഗികളുടെ എണ്ണവും കൂടി. 

ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് മെഡിക്കല്‍ കോളജുകളില്‍ കൊവിഡ് ഇതര ചികില്‍സകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുളള ആലോചന. വിധഗ്ധ ചികില്‍സ ആവശ്യമുളളവരെ മാത്രമെ മെഡിക്കൽ കോളേജുകളിലേക്ക് അയക്കാവൂ എന്നാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം

അല്ലാത്തപക്ഷം ഗുരുതരവാസ്ഥയിലുളള രോഗികള്‍ക്ക് പോലും മെച്ചപ്പെട്ട ചികില്‍സ നല്‍കാന്‍ കഴിയാതെ വരുമെന്ന് ഇവര്‍ പറയുന്നു. കളമശ്ശേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ നേരത്തെ തന്നെ ഇത്തരം നിയന്ത്രണം തുടങ്ങിയിരുന്നു. ഇതേ സംവിധാനം കോഴിക്കോട്, പരിയാരം തുടങ്ങിയ മെഡിക്കല്‍ കോളജുകളിലും ഉടന്‍ നടപ്പാക്കിയേക്കുമെന്നാണ് മെഡിക്കല്‍ കോളജുകളിലെ ഡോക്ടർമാർ നൽകുന്ന സൂചന.