Asianet News Malayalam

മരംകൊള്ള: മുഖ്യമന്ത്രിയും പ്രതിക്കൂട്ടിലെന്ന് വിഡി സതീശൻ, "ഹൈക്കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം"

കേരളത്തിലെ എട്ട് ജില്ലകളിൽ മരം കൊള്ള നടന്നിട്ടുണ്ട്. കര്‍ഷകരെ മറയാക്കി വൻകിട മാഫിയകൾക്ക് സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് പ്രതിപക്ഷം. 

tree cut controversy udf delegation visit wayanad
Author
Wayanad, First Published Jun 17, 2021, 2:09 PM IST
  • Facebook
  • Twitter
  • Whatsapp

വയനാട്:  വനം കൊള്ളയിലെ ഭയാനകദൃശ്യം ആണ് വയനാട്ടിൽ കണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് എട്ട് ജില്ലകളിൽ എങ്കിലും സമാനമായ മരം കൊള്ള നടന്നിട്ടുണ്ട്. കര്‍ഷകരെ മറയാക്കി വൻകിട മാഫിയകൾക്ക് സഹായം ചെയ്യുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും വയനാട് സന്ദ‍ർശിച്ച പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

വില്ലേജ് ഓഫീസറെ സസ്പെൻഡ് ചെയ്തത് കൊണ്ട് മാത്രം ഈ വിഷയത്തിൽ നടപടിയെടുത്തു എന്ന് എങ്ങനെ സർക്കാറിന് പറയാനാകും
. സർക്കാർ അറിഞ്ഞു കൊണ്ടാണ് ഇത്രയും വലിയ കൊള്ള നടന്നത്. വിവാദമായ ഉത്തരവിൽ ഒരു സദുദ്ദേശ്യവും ഇല്ല.  പട്ടികജാതി പട്ടികവർഗ്ഗത്തിൽപെട്ട പാവപെട്ടവരുടെ ഭൂമിയിൽ നിന്നും അവരെ കബളിപ്പിച്ച് ആണ് മരം മുറിച്ചു മാറ്റിയിട്ടുള്ളത്. റവന്യു വകുപ്പിന്റെ അകമഴിഞ്ഞ ഒത്താശയില്ലാതെ ഇത്തരമൊരു കൊള്ള നടക്കില്ലെന്നും വിഡി സതീശൻ ആരോപിച്ചു. 

 മരംകൊള്ള നടത്തിയവരെ വെറും കച്ചവടക്കാരായി ചിത്രീകരിക്കാനാണ് കാനം രാജേന്ദ്രന് ശ്രമിക്കുന്നത്.  വിവാദ ഉത്തരവ് പിൻവലിച്ച ശേഷവും വയനാട്ടിൽ മരംമുറി നടന്നിട്ടിണ്ട്. വിവാദ ഉത്തരവിൽ മന്ത്രിസഭാംഗങ്ങൾക്കും രാഷ്ട്രീയ പാർട്ടി നേതൃത്വത്തിനും ഉത്തരവാദിത്വം ഉണ്ട്. കർഷകരെ മുന്നിൽനിർത്തി വനം കൊള്ളക്കാരെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് ഇടതുസർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു, 

വിവാദമായ ശേഷവും ഉത്തരവിനെ മുഖ്യമന്ത്രി അടക്കമുള്ളവർ ന്യായീകരിക്കുകയാണ്. ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ മുഖ്യമന്ത്രി പിണറായി വിജയനും കഴിയില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം ഉണ്ടാകണം. അതിന് തയ്യാറായില്ലെങ്കിൽ സമരപരിപാടികളെക്കുറിച്ച് പ്രതിപക്ഷം ആലോചിക്കുംമെന്നും പ്രതിപക്ഷ പ്രതിനിധി സംഘം വയനാട്ടിൽ വ്യക്തമാക്കി. 

അതേസമയം സര്‍ക്കാര്‍ ഉത്തരവ് മറയാക്കി സംസ്ഥാനത്ത് നടന്ന മരംമുറിക്ക് പിന്നിൽ ഉദ്യോഗസ്ഥരുടെയും കരാർകാരുടെയും ഗൂഢാലോചനയുണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. വിവിധ പട്ടയ- വന ഭൂമിയിൽ നിന്നും മരം മോഷ്ടിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിൻറെ എഫ്ഐആറിൽ പറയുന്നുണ്ട്. റവന്യുപ്രിൻസിപ്പൽ സെക്രട്ടറി 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവ് മറയാക്കിയാണ് സംഭവം നടന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തുന്നു. 

പട്ടയഭൂമിയിൽ നിന്നും രാജകീയ മരങ്ങൾ മുറിക്കാൻ സർക്കാർ ഉത്തരവുണ്ടെന്ന് തെറ്റായി വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥരും- കരാറുകാരും ചേർന്ന് മരം മുറിച്ചെന്നാണ് ക്രൈംബ്രാഞ്ച് കേസ്. മോഷണത്തിനും ഗൂഢാലോചനക്കുമായി ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രധാനപ്പെട്ട പരാമർശം. വിവിധ പട്ടയ ഭൂമികളിൽ നിന്നും വനം പുറമ്പോക്ക് ഭൂമിയിൽ നിന്നും മരംമുറിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

ക്രൈംബ്രാഞ്ച് ആരംഭിച്ച കണ്‍ട്രോള്‍ റൂമിൽ മരംമുറിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരുന്നുണ്ട്. ബത്തേരി, മീനങ്ങാട് പൊലീസ് സ്റ്റേഷനുകളിൽ രണ്ട് കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു. ഓരോ കേസുകളും പ്രത്യേകം പരിശോധിക്കേണ്ടിവരുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറയുന്നത്. മരംമുറിച്ച് ഭൂമിയുടെ പട്ടയത്തിൻറെ സ്വഭാവം, മരംമുറിക്കാനും കടത്താനും റവന്യൂ- വനം ഉദ്യോഗസ്ഥർ നൽകിയ അനുമതി തുടങ്ങി ഓരോന്നും പരിശോധിച്ചാൽ മാത്രമേ ക്രമക്കേട് വ്യക്തമാവുകയള്ളൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ക്രൈം ബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നും തൃശൂരിൽ യോഗം ചേർന്നു. കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപകമാക്കാനാണ് തീരുമാനം. അതിനിടെ ഉത്തരവിറക്കിയതിൽ ഒരു തെറ്റും ഇല്ലെന്ന് റവന്യു മന്ത്രി ആവര്‍ത്തിച്ചു
 

Follow Us:
Download App:
  • android
  • ios