Asianet News MalayalamAsianet News Malayalam

'ചേട്ടൻമാർ തല്ലി', മർദ്ദനം ഭയന്ന് തൃശ്ശൂരിൽ കുട്ടികൾ അനാഥാലയത്തിൽ നിന്ന് മതിൽ ചാടി

മുതിർന്ന കുട്ടികൾ പ്ലേറ്റ് കൊണ്ട് അടിച്ചതിനാലാണ് രാത്രി സ്ഥാപനം വിട്ടിറങ്ങിയതെന്നാണ് കുട്ടികൾ പറയുന്നത്. 

tribe students escape from care home in trissur
Author
Trissur, First Published Jun 9, 2019, 11:16 AM IST

തൃശൂര്‍: തൃശൂർ ജില്ലയിലെ മേലൂരിൽ പ്രവര്‍ത്തിക്കുന്ന മരിയ പാലന സൊസൈറ്റിയിൽ നിന്ന് അന്തേവാസികളായ കുട്ടികൾ ഭയന്നോടി. ആദിവാസി വിഭാഗത്തിൽ പെട്ട ആറ് കുട്ടികളാണ് മതിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് സംഭവം

പുലർച്ചെ പ്രദേശത്ത് താമസിച്ചിരുന്ന ഹെൽത്ത് ഇൻസ്‌പെക്ടർ മഞ്ചേഷ് ആണ് കുട്ടികൾ വഴി അരികിൽ നിൽക്കുന്നത് കണ്ടത്.അസ്വാഭാവികമായ സാഹചര്യത്തിൽ കുട്ടികളെ കണ്ട ഇദ്ദേഹം വിവരമറിയിച്ചപ്പോഴാണ് കുട്ടികൾ പുറത്ത് പോയ വിവരം സ്ഥാപനം അധികൃതര്‍ അറിയുന്നത്. കുട്ടികളെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി. 

മുതിര്‍ന്ന കുട്ടികളുമായി വാക്കേറ്റം ഉണ്ടായെന്നും മുതിര്‍ന്ന കുട്ടികൾ പ്ലേറ്റ് കൊണ്ട് അടിച്ചെന്നുമാണ് കുട്ടികൾ പറയുന്നത്. നാല് പേര്‍ കുറച്ച് ദിവസം മുൻപ് മാത്രമാണ് മരിയ പാലന സൊസൈറ്റിയിൽ എത്തിയതെന്നും തിരിച്ച് പോകാനുള്ള തോന്നൽ എപ്പോഴും കുട്ടികൾക്ക് ഉണ്ടെന്നുമാണ് സ്ഥാപനം അധികൃതര്‍ വിശദീകരിക്കുന്നത്. 

മലക്കപ്പാറ ആനപ്പന്തം കോളനിയിലെ കുട്ടികളാണ് എല്ലാവരും. രക്ഷിതാക്കെളെ വിവരം അറിയിച്ചിട്ടുണ്ട്. അവരെത്തിയ ശേഷം തുടര്‍ നടപടികൾ ആകാം എന്ന നിലപാടിലാണ് അധികൃതര്‍ ഇപ്പോഴുള്ളത്.  ആദിവാസി ക്ഷേമ വകുപ്പ് അധികൃതരും എംഎൽഎ അടക്കം ജനപ്രതിനിധികളും എത്തി കുട്ടികളുമായി സംസാരിച്ചു. 

സര്‍ക്കാര്‍ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ല മരിയ പാലന സൊസൈറ്റി. കുട്ടികളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. എന്നാൽ സ്ഥാപനത്തിനകത്ത് മര്‍ദ്ദനമേറ്റ കാര്യം കുട്ടികളാരും പരാതി പറഞ്ഞിട്ടില്ലെന്നാണ് മരിയ പാലന സൊസൈറ്റി അധികൃതര്‍ പറയുന്നത്. ഉറങ്ങിക്കിടന്ന വാര്‍ഡന്‍റെ പക്കൽ നിന്ന് താക്കോലെടുത്ത് വാതിൽ തുറന്നാണ് കുട്ടികൾ പുറത്ത് പോയതെന്നും സ്ഥാപനം അധികൃതര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios