കല്‍പ്പറ്റ: വാളാട് എടത്തനയില്‍ ഭൂമി അളന്നുതിരിക്കുന്ന വനംവകുപ്പിന്റെ നടപടിയില്‍ ആദിവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. വനഭൂമി അളന്നു തിരിക്കുന്നതിന്റെ മറവില്‍ ആദിവാസി കുടുംബങ്ങള്‍ കൈവശംവെച്ചിരുന്ന സ്ഥലം വനംവകുപ്പ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് പ്രതിഷേധമുയരുന്നത്. പ്രതിഷേധം ശക്തമായതോടെ എടത്തന പ്രദേശത്ത് സര്‍വ്വെ നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. 1886 മുതല്‍ കുടുംബങ്ങള്‍ കൈവശം വെച്ച് വരുന്ന സ്ഥലത്തെ ചൊല്ലിയാണ് ആശങ്ക. ഭൂമിക്കെല്ലാം നിലവില്‍ കൈവശരേഖയുണ്ടെന്നാണ് കുടുംബങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഈ ഭൂമിയുടെ ഒരു ഭാഗം വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ഇക്കാരണം കൊണ്ട് തന്നെ വനഭൂമി അളന്നു തിരിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ചു കാലമായി വനംവകുപ്പും ആദിവാസികളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. 


വനഭൂമിയില്‍ കുറച്ച് ഭാഗം ആദിവാസി കുടുംബങ്ങളും മറ്റ് വിഭാഗങ്ങളും കയ്യേറിയതായി വനം വകുപ്പ് അധികൃതര്‍ ആരോപിക്കുന്നു. അതേ സമയം വനഭൂമി അളന്ന് തിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ പട്ടികവര്‍ഗക്കാരുടെ കൈവശം വനഭൂമിയുണ്ടെങ്കില്‍ അത് അവര്‍ക്ക് തന്നെ നല്‍കുമെന്നാണ് അധികൃതരുടെ നിലപാട്. വനാവകാശനിയമപ്രകാരം ഇത്തരത്തിലുള്ള ഭൂമിക്ക് രേഖകള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും വനം വകുപ്പ് വിശദീകരിക്കുന്നു. ഈ വാദം പക്ഷേ അംഗീകരിക്കാന്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ തയ്യാറല്ല. തങ്ങള്‍ വനഭൂമി കൈവശം വെക്കുന്നില്ലന്നാണ് കുടുംബങ്ങളുടെ വാദം. 

വനം വകുപ്പിന്റെ എതിര്‍പ്പ് കാരണം തങ്ങളുടെ ഭൂമിക്ക് നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും ഇവര്‍ പരാതിപ്പെടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്നേ നടന്ന സര്‍വ്വെയില്‍ അതിര്‍ത്തി നിര്‍ണയിച്ച് വനംവകുപ്പ് ജണ്ട സ്ഥാപിച്ചതായി കുടുംബങ്ങള്‍ പറയുന്നു. ഇത് ഇപ്പോള്‍ പൊളിച്ച് മാറ്റി തങ്ങളുടെ കൃഷിയിടത്തിലേക്ക് ഇറക്കി കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്നും ശക്തമായി ചെറുക്കുമെന്നും ഇവര്‍ പറയുന്നു. അതിനിടെ പരാതി ജില്ല കലക്ടര്‍ക്ക് മുമ്പിലെത്തിയെങ്കിലും തീരുമാനമായിട്ടില്ല. പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥരോട് പ്രശ്നം  സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് പട്ടികവര്‍ഗ വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ കുടുംബങ്ങള്‍ രേഖകള്‍ ഹാജരാക്കുകയും കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തെങ്കിലും പിന്നീട് തുടര്‍ നടപടിയുണ്ടായിട്ടില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം.

മാസങ്ങള്‍ക്ക് മുമ്പ് എടത്തനയില്‍ സ്ഥലം അളക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കോളനിവാസികള്‍ തടഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കിയത്. എടത്തനയില്‍ മൂന്നൂറിലധികം ആദിവാസി കുടുംബങ്ങളുണ്ട്. ഇതില്‍ വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളാണ് പ്രതിഷേധത്തിലുള്ളത്. പലരുടെയും വീടിന്റെ മുറ്റത്തും കൃഷിയിടത്തിലുമൊക്കെ വനം വകുപ്പ് അതിര്‍ത്തി നിര്‍ണയിച്ച് കല്ല് സ്ഥാപിച്ചിട്ടുണ്ട്.