തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഒരാഴ്ചത്തേക്ക് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്‍ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ജില്ലാഭരണകൂടങ്ങള്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ജനസഞ്ചാരം നിയന്ത്രിക്കാന്‍ കര്‍ശന  നടപടികള്‍ തുടങ്ങി. ജില്ലാ അതിര്‍ത്തികള്‍ അടക്കും. പ്രധാന റോഡുകളൊഴികെയുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു. ഹോട്ടലുകളില്‍ നിന്ന് ഹോം ഡെലിവറി മാത്രമേ ഉണ്ടാകു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയുണ്ടാകും.

അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ക്കും അവശ്യ സര്‍വ്വീസ് വിഭാഗത്തില്‍പെട്ടവര്‍ക്കും യാത്ര ചെയ്യുന്നതിനായി എന്‍ട്രി/എക്സിറ്റ് പോയിന്‍റുകള്‍ ക്രമീകരിച്ചു. ഓരോ പൊലീസ് സ്റ്റേഷനുകളേയും ഓരോ ക്ളസ്റ്ററുകളാക്കി അകത്തേക്കും പുറത്തേക്കും പോകാന്‍ ഒരു വഴി മാത്രമാക്കി ബാരിക്കേഡുകള്‍ സ്ഥാപിച്ചു. പലചരക്ക്, പച്ചക്കറി, പലവ്യജ്ഞനം വില്‍ക്കുന്ന കടകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം. ഹോട്ടലുകളില്‍ നിന്ന്  വൈകിട്ട് 7.30 വരെ ഹോം ഡെലിവറി മാത്രം  ഉണ്ടാകും. റേഷന്‍ കടകള്‍ക്കും പാല്‍ ബൂത്തുകള്‍ക്കും വൈകിട്ട് അഞ്ചുവരെ തുറക്കാം.

വീടുകളിലെ പാല്‍, പത്ര വിതരണം എട്ടുമണി വരെയാകാം. ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഒരുമണി വരെ പ്രവര്‍ത്തിക്കാം. ഇ കൊമേഴ്സ്, വിതരണം രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ അനുവദിക്കും. മെഡിക്കല്‍ ഷോപ്പ്, പെട്രോള്‍ പമ്പ്, ആശുപത്രികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം. അവശ്യ സര്‍വ്വീസ് ജീവനക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. പ്ളംബിംഗ്, ഇലക്ട്രീഷന്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍  പൊലീസ് പാസ് വാങ്ങണം.  ട്രിപ്പിള്‍ ലോക്ഡൗണ്‍ ബാധകമല്ലാത്ത ജില്ലകളില്‍ നിലവിലെ ലോക്ഡൗണും നിയന്ത്രണങ്ങളും തുടരും. 23 ന് ശേഷവും ലോക്ഡൗണ്‍ നീട്ടണമോയെന്ന കാര്യത്തില്‍ അടുത്തവാരം അവസാനത്തോടെ സാഹചര്യം വിലയിരുത്തി  തീരുമാനമുണ്ടാകും.

Read More: മലപ്പുറത്ത് റേഷൻ കാർഡ് നമ്പർ അനുസരിച്ച് ഒറ്റ, ഇരട്ട അക്ക നമ്പർ നിയന്ത്രണം, അറിയേണ്ടതെല്ലാം...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona