Asianet News MalayalamAsianet News Malayalam

'സബ്സിഡി' വഴി ഉദ്യോഗസ്ഥൻ 5.6 കോടി തട്ടിയെന്ന് സിഎജി; പുതിയതല്ലെന്ന് മേയർ, വെട്ടിലായി തിരുവനന്തപുരം നഗരസഭ

ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകളുടെ സംഘങ്ങൾക്ക് സബ്സിഡി നൽകാനുള്ളതായിരുന്നു പദ്ധതി. ഇതിൽ വ്യാജ രേഖകൾ ഉണ്ടാക്കി, 5.6 കോടി രൂപ ഉദ്യോഗസ്ഥൻ തട്ടിയെടുത്തെന്നാണ് സിഎജി കണ്ടെത്തൽ

Trivandrum corporation subsidy fraud CAG report Mayor Arya Rajendran kgn
Author
First Published Jan 28, 2023, 6:39 PM IST

തിരുവനന്തപുരം: തൊഴില്ലാത്ത സ്ത്രീകൾക്ക് ജീവനോപാധി നൽകാനുള്ള സബ്‌സിഡി പദ്ധതിയിൽ ഉദ്യോഗസ്ഥൻ പണം തട്ടിയെന്ന സിഎജി റിപ്പോർട്ടിൽ വെട്ടിലായി തിരുവനന്തപുരം നഗരസഭ.  വ്യാജ ഗുണഭോക്താക്കളെ ചമച്ച് ഉദ്യോഗസ്ഥൻ 5.6 കോടി രൂപ തട്ടിയെന്നാണ് സിഎജിയുടെ പ്രാഥമിക റിപ്പോർട്ട്. അതേസമയം രേഖകൾ പരിശോധിച്ചതിലാണ് ഉദ്യോഗസ്ഥന് വീഴ്ചപറ്റിയതെന്ന് നഗരസഭ വിശദീകരിക്കുന്നു.

ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സ്ത്രീകളുടെ സംഘങ്ങൾക്ക് സബ്സിഡി നൽകാനുള്ളതായിരുന്നു പദ്ധതി. ഇതിൽ വ്യാജ രേഖകൾ ഉണ്ടാക്കി, 5.6 കോടി രൂപ ഉദ്യോഗസ്ഥൻ തട്ടിയെടുത്തെന്നാണ് സിഎജി കണ്ടെത്തൽ. ദേശസാത്കൃത ബാങ്കുകളിൽ നിന്നോ, ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ എടുത്ത വായ്പകൾക്ക് മൂന്ന് ലക്ഷം രൂപ സബ്സിഡി അനുവദിക്കുന്നതാണ് പദ്ധതി. 2020-22 കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഈ കാലയളവിൽ 215 ഗ്രൂപ്പുകൾക്ക് സബ്സിഡി അനുവദിച്ചു. ഇതിൽ ആകെ പത്ത് സംഘങ്ങൾ മാത്രമാണ് യഥാർത്ഥത്തിൽ വായ്പ എടുത്തത്. ബാക്കി 205 സംഘങ്ങളും വ്യാജമാണെന്ന് സിഎജി റിപ്പോർട്ടിൽ പറയുന്നു.

ഈ സംഘങ്ങളുടെ പേരിൽ സർവീസ് സഹകരണ ബാങ്കുകളിൽ അക്കൗണ്ട് തുറന്ന്, വായ്പ കിട്ടിയതായി രേഖകൾ ചമച്ചു. ഈ രേഖകൾ ഉപയോഗിച്ച് സബ്സിഡി തുക വാങ്ങിയെന്നും പിന്നീട് അശ്വതി സപ്ലയേഴ്സ് എന്ന സ്ഥാപനത്തിന്റെ പേരിലുള്ള മൂന്ന് അക്കൗണ്ടുകളിലേക്കായി ഈ തുക മാറ്റിയെന്നും സിഎജി റിപ്പോർട്ട് പറയുന്നു. പദ്ധതി നടത്തിപ്പിന്റെ ചുമതലക്കാരനായ ഇൻഡസ്റ്റ്രിയൽ എക്സ്റ്റെൻഷൻ ഓഫീസറും സംഘവും തിരിമറി നടത്തിയത് എന്നാണ് കണ്ടെത്തൽ.

പ്രശ്നത്തിൽ സിഎജി റിപ്പോർട്ടിന് വിരുദ്ധമായ വാദങ്ങളാണ് മേയർ ആര്യാ രാജേന്ദ്രന്റേത്. സംഭവം നേരത്തെ കണ്ടെത്തിയെന്നാണ് മേയർ പറയുന്നത്. ഉപഭോക്താക്കൾ തന്നെ വ്യാജ രേഖ സമർപ്പിച്ചതാണെന്നും ഇത് പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയതാണെന്നും മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പദ്ധതിയിലെ തിരിമറി നേരത്തെ തന്നെ വ്യവസായ വകുപ്പിനെ അറിയിച്ചിരുന്നു. ഇതിൽ വ്യവസായ വകുപ്പിന്റെ അന്വേഷണ റിപ്പോട്ടിനായി കാത്തിരിക്കുകയാണെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. നഗരസഭ കണ്ടെത്തലിന് വിരുദ്ധമാണ് ഉദ്യോഗസ്ഥൻ തന്നെ പണം തട്ടിയെടുത്തത് എന്ന സിഎജി കണ്ടെത്തൽ.

Follow Us:
Download App:
  • android
  • ios