തിരുവനന്തപുരം: രോഗിയെ പുഴുവരിച്ച സംഭവത്തിൽ അസ്ഥി രോഗ വിഭാഗം യൂണിറ്റ് ചീഫ് ഡോ. കെഎസ് സുനിൽ കുമാറിനെതിരെ അച്ചടക്ക നടപടി എടുക്കും. രോഗിയെ അഡ്മിറ്റ് ചെയ്ത ശേഷം പരിചരിക്കുന്നതിൽ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. രോഗിയെ  വിട്ടയക്കുന്നതിന് മുൻപുള്ള മൂന്ന് ദിവസങ്ങളിൽ ഈ വാർഡിലുണ്ടായിരുന്ന നഴ്‌സുമാർക്കെതിരെയും അച്ചടക്ക നടപടി ഉണ്ടാകും. അതേസമയം ഡോക്ടർ അരുണയ്ക്ക് എതിരെ നടപടിയെടുക്കില്ല. ഉത്തരവ് ആരോഗ്യ വകുപ്പ് സെക്രട്ടറി പുതുക്കി.

സംഭവത്തിൽ നേരത്തെ അച്ചടക്ക നടപടിക്ക് വിധേയരായ ഡോക്ടറുടേയും നഴ്സുമാരുടേയും സസ്പെൻഷൻ പിൻവലിച്ചു. ഡോ.അരുണ,  ഹെഡ് നഴ്സുമാരായ ലീന കുഞ്ചൻ, രജനി കെവി എന്നിവരെയാണ്  തിരിച്ചെടുത്തത്. ഇവരുടെ സസ്പെൻഷൻ പിൻവലിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. വലിയ എതിര്‍പ്പാണ് സര്‍ക്കാര്‍ നടപടിക്കെതിരെ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘടനകളുടെ ഭാഗത്ത്  നിന്ന് ഉണ്ടായത്. ആയിരക്കണക്കിന് രോഗികൾ വരുന്ന കൊവിഡ് കാലത്ത് അധിക ഡ്യൂട്ടിയും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പ്രതിസന്ധികളും ഒന്നും കണക്കിലെടുത്തില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. 

മെഡിക്കൽ കോളേജുകളിലെ നോഡൽ ഓഫീസര്‍മാരുടെ കൂട്ട രാജി അടക്കമുള്ള പ്രതിഷേധങ്ങളും കൂടിയായതോടെയാണ് തീരുമാനം പുനപരിശോധിക്കാൻ സര്‍ക്കാര്‍ തയ്യാറായത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊവിഡ് മേൽനോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനം ആയി. ഡിഎംഇയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. സർജറി വിഭാഗം പ്രൊഫസർക്ക് കൊവിഡ് ചുമതല കൈമാറി.