Asianet News MalayalamAsianet News Malayalam

ട്രെയിനിൽ കൊള്ള നടത്തിയത് യുപി സ്വദേശി; കയറിയത് ആഗ്രയിൽ നിന്ന്; മയക്കുമരുന്ന് കലർത്തിയത് വെള്ളത്തിൽ

തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകൾ അഞ്ജലിയേയും കോയമ്പത്തൂർ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയേയുമാണ് മയക്കി കിടത്തി കൊള്ളയടിച്ചത്

Trivandrum train theft look out notice for thief
Author
Thiruvananthapuram, First Published Sep 12, 2021, 5:46 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ്പ്രസ്സിൽ കവർച്ച നടത്തിയത് യുപി സ്വദേശിയായ കുപ്രസിദ്ധ മോഷ്ടാവ്. അസ്ഹർ പാഷയെന്ന ഇയാൾ ആഗ്രയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ആലപ്പുഴയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നുവെന്നാണ് പരിചയപ്പെടുത്തിയത്. മോഷണത്തിന് ഇരയായ അമ്മയും മകളും കൈകഴുകാൻ പോയപ്പോൾ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്ന് സംശയിക്കുന്നു.

അസ്ഹർ പാഷ ആഗ്ര മുതൽ കവർച്ചക്ക് ഇരയായവരുടെ സീറ്റിനടുത്തുണ്ടായിരുന്നു. പ്രതി സ്ഥിരം കുറ്റവാളിയാണെന്ന് ആർപിഎഫ് വ്യക്തമാക്കി. വെള്ളം കുടിച്ചശേഷമാണ് ബോധം നശിച്ചതെന്ന് സ്ത്രീകളുടെ മൊഴിയുണ്ട്. ഇവരുടെ രക്തസാമ്പിളുകൾ പരിശോധനയച്ചു. അന്വേഷണം തമിഴ്‌നാട് റെയിൽവേ സംരക്ഷണ സേനക്കു കൈമാറും. എസ് 2 കോച്ചിലുണ്ടായിരുന്ന യാത്രക്കാരിയുടെ മൊബൈലും മോഷ്ടിച്ചു. ഈ യാത്രക്കാരിയും ഗുളിക കഴിക്കാൻ കുപ്പിയിൽ വെള്ളം സൂക്ഷിച്ചിരുന്നു.

തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകൾ അഞ്ജലിയേയും കോയമ്പത്തൂർ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയേയുമാണ് മയക്കി കിടത്തി കൊള്ളയടിച്ചത്. ചെങ്ങന്നൂരിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകൾ അ‍ഞ്ജലിയും കേരളത്തിലേക്ക് വന്നത്. ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ തീവണ്ടിയിൽ ബോധരഹിതരായ നിലയിൽ റെയിൽവേ ജീവനക്കാർ ഇവരെ കണ്ടെത്തുകയായിരുന്നു. തുടർന്ന് റെയിൽവേ പൊലീസ് ഇരുവരേയും തൈക്കാട് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. 

വിജയകുമാരിയുടെയും മകളുടെയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയതായാണ് പരാതി. നിസ്സാമുദ്ദീനിൽ നിന്നും കായംകുളത്തേക്ക് യാത്ര ചെയ്യുകയായിരുന്നു അമ്മയും മകളും. രാവിലെ യാത്രക്കാർ ഇറങ്ങിയ ശേഷം ആർപിഎഫ് നടത്തിയ പരിശോധനയിലാണ് അമ്മയേയും മകളേയും ബോധരഹിതരായ നിലയിൽ കണ്ടെത്തിയത്. വിജയകുമാരിയെ പൊലീസ് വിളിച്ചെണീച്ചപ്പോൾ ആണ് കൊള്ളവിവരം പുറത്തറിയുന്നത്. ആർപിഎഫ് തൈക്കാട് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇരുവരെയും തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

നിസ്സാമുദ്ദീൻ എക്സ്പ്രസ്സിലെത്തിയ കോയമ്പത്തൂർ സ്വദേശി ​ഗൗസല്യയാണ് ക‍വ‍ർച്ചയ്ക്ക് ഇരയായ മൂന്നാമത്തെയാൾ. മറ്റൊരു ബോ​ഗിയിലാണ് ഇവരെ കണ്ടെത്തിയത്. ഇവരുടേയും സ്വർണമാണ് കവർച്ച ചെയ്തത്. ​ഗൗസല്യ കോയമ്പത്തൂരിൽ നിന്നും ആലുവയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. കവ‍ർച്ചയ്ക്ക് ഇരയായ മൂന്ന് പേരും കോയമ്പത്തൂരിൽ നിന്നും ആഹാരം വാങ്ങിയിരുന്നു. ഭക്ഷണം കഴിച്ച ശേഷമാണ് ഇവ‍ർ അബോധാവസ്ഥയിലായതെന്നാണ് പൊലീസിൻ്റെ നി​ഗമനം. തീവണ്ടിയിൽ പൊലീസ് സാന്നിധ്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. 

വിശദമായ മൊഴി രേഖപ്പെടുത്താനുള്ള ആരോഗ്യാവസ്ഥയിലല്ല മൂന്ന് പേരുമെന്നാണ് പൊലീസ് പറയുന്നത്. അബോധവാസ്ഥയിലായ വിജയകുമാരിയുടെ കമ്മലടക്കം മോഷ്ടാക്കൾ കവർന്നിട്ടുണ്ട്. ബോധം നശിക്കാനുളള സ്പ്രയോ മരുന്നോ നൽകിയ ശേഷമാണ് കവർച്ച നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവർ സഞ്ചരിച്ചിരുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios