തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥന്‍റെ ചിത്രം യൂണിവേഴ്സിറ്റി കോളേജിലെ പ്രതിയുടേതെന്ന രീതിയില്‍  പ്രചരിപ്പിരിച്ച സംഭവത്തില്‍ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കേരളാ പൊലീസ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് കേരളാ പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പിഎസ് സി ഓഫിസിലേക്ക് യുവമോർച്ച പ്രവര്‍ത്തകര്‍ മാർച്ച് നടത്തിയിരുന്നു. ഈ സമയത്ത്  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ യൂണിവേഴ്സിറ്റി കോളേജിലെ കേസിലെ പ്രതിയാണെന്ന തരത്തിലുള്ള വ്യാജസന്ദേശങ്ങളും ചിത്രങ്ങളുമാണ് പ്രചരിപ്പിച്ചത്. 

ചിത്രത്തിലുള്ള ഉദ്യോഗസ്ഥൻ തിരുവനന്തപുരം എസ് എ.പി.ക്യാംപിലെ പോലീസ് കോൺസ്റ്റബിൾ അസീം.എം. ഷിറാസ് ആണെന്നും സമൂഹമാധ്യമങ്ങളിൽ ഇത്തരം വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതാണെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. 

യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ മുണ്ടുരിഞ്ഞെന്ന് പ്രചരിപ്പിച്ചായിരുന്നു പൊലീസുകാരനെതിരെ നവമാധ്യമങ്ങളില്‍ ഭീഷണി. പേരൂര്‍ക്കട എസ്എപി ക്യാംപിലെ പൊലീസുകാരന്‍ അസീം എം ഫിറോസിനെതിരെയാണ് ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയത്. തനിക്കെതിരെ കുപ്രചാരണം നടത്തുന്നുവെന്നും ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തുന്നുവെന്നും കാണിച്ച് അസീം കന്‍റോണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 

അമ്പലം ദിലീപ് എന്ന ഫേസ്ബുക്ക് ഐഡിയില്‍ നിന്നാണ് ഭീഷണിമുഴക്കിയുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ''ശ്രദ്ധിക്കുക, പിഎസ്‍സി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റിന്‍റെ ഉടുമുണ്ട് അഴിക്കുകയും അകാരണമായി മര്‍ദ്ദിക്കുകയും ചെയ്ത പൊലീസ് യൂണിഫോമിട്ട മുന്‍ യൂണിവേഴ്‍സിറ്റി ഗുണ്ടയായ ഇവന്‍റെ ഡീറ്റയില്‍സ് കിട്ടും വരെ ഷെയര്‍ ചെയ്യുക'' എന്നായിരുന്നു പോസ്റ്റ്. 

യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ മുണ്ടുരിഞ്ഞെന്ന് പ്രചാരണം, ഭീഷണി; തെളിവ് സഹിതം പൊലീസുകാരന്‍റെ പരാതി

പട്ടം പിഎസ്‍സി ഓഫീസിലേക്ക് വന്ന യുവമോര്‍ച്ച മാര്‍ച്ച് തടയുന്നതിനിടെ ഒരു പ്രവര്‍ത്തകന്‍റെ മുണ്ട് ഊരിപ്പോയെന്നും അത് എടുത്ത് നല്‍കുകയാണ് താന്‍ ചെയ്തതുമെന്നാണ് അസീം പറയുന്നത്. മുണ്ട് എടുത്ത് നല്‍കിയപ്പോള്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അസഭ്യം പറഞ്ഞതായും അസിം കന്‍റോണ്‍മെന്‍റ് എസ്ഐക്ക് മുമ്പാകെ നല്‍കിയ പരാതിയില്‍ പറയുന്നു. തന്‍റെ ചിത്രം ഉപയോഗിച്ച്  ഭീഷണി തുടരുകയാണെന്നും നടപടി എടുക്കണമെന്നും നസീം പരാതിയില്‍ വ്യക്തമാക്കിയിരുന്നു.