കാസര്‍കോട്: കാസർകോട് കെഎസ്ആർടിസി ഡിപ്പോയിലെ രണ്ട് കണ്ടക്ടർമാർക്ക്  കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട്.  കണ്ടക്ടര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കാസര്‍കോട് ഡിപ്പോ അടച്ചു. ഇന്നലെ കാസർകോട് ഡിപ്പോയിലെ മെക്കാനിക്കിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കാസർകോട് ഡിപ്പോയിൽ നിന്നും നാളെ ബസുകൾ ഓടില്ല. 

അതേസമയം കാസർകോട് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വൊർക്കാടി സ്വദേശി പി കെ  അബ്ബാസ് ആണ് മരിച്ചത്. 55 വയസായിരുന്നു. ഇതോടെ കാസർകോട് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനാറായി. ശ്വാസ തടസത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് അബ്ബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ച് ആരോഗ്യ നില വഷളായതിനെ തുടർന്ന്  വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ഇയാൾക്ക്  ഹൃദ്രോഗവുമുണ്ടായിരുന്നു. അബ്ബാസിന്‍റെ മക്കളടക്കം കുടുംബത്തിലെ ആറ് പേർക്ക്  കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.