കൊച്ചി: കുമ്പളങ്ങിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച സംഭവത്തിൽ രണ്ടു സിഐടിയു തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പളങ്ങിയില്‍ ചമുട്ട് തൊഴിലാളികളായ സതീശൻ , സലിം എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനു ലഭിച്ചു. കുമ്പളങ്ങിയിലെ തോലാട്ട് ഏജൻസീസ് എന്ന സിമന്‍റ് വ്യാപാര സ്ഥാപനത്തിലെ ഇതര സംസ്ഥാന തൊഴിലാളികളെയാണ് സിഐടിയു യൂണിയനിൽ പെട്ട തൊഴിലാളികൾ മർദ്ദിച്ചത്. 26-ന് രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. വൈകുന്നേരം സിമന്‍റ് ഇറക്കുന്നത് സംബന്ധിച്ച് കടയുടമയും സിഐടിയുക്കാരും തമ്മിൽ തർക്കം ഉണ്ടായിരുന്നു.

സിഐടിയുവിന്‍റെ വിലക്ക് ലംഘിച്ച് കടയിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് സിമന്‍റ് ഇറക്കിയതിനെ തുടർന്നായിരുന്നു മർദ്ദനം. മർദ്ദനത്തിൽ പരിക്കേറ്റ ആസാം സ്വദേശികളായ റോഷിദുൽ ഇസ്ലാം, സഹോദരൻ ഫരിദുൾ ഇസ്ലാം എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. കടയുടമയായ ലിൻഡൺ മർദ്ദനത്തിന്‍റെ ദൃശ്യങ്ങൾ അടക്കം പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കുകയായിരുന്നു. തുടർന്നാണ് പൊലീസ് രണ്ട് സിഐടിയു പ്രവർത്തകരെ അറസ്റ്റു ചെയ്തത്. പ്രതികൾക്കു മേൽ ചുമത്തിയത് ദുർബല വകുപ്പുകൾ ആണെന്നും മർദ്ദിച്ചവർക്ക് ഒപ്പം എത്തിയവരെയും ഗൂഡാലോചന നടത്തിയവരെയും പിടികൂടണം എന്നാവശ്യപ്പെട്ട് ലിൻഡൻ കോടതിയെ സമീപിച്ചിട്ടുണ്ട്.