ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.

ആലപ്പുഴ: ഒരുമാസത്തിന് ശേഷം ആലപ്പുഴയില്‍ വീണ്ടും കൊവിഡ് കേസുകള്‍. ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 16 പേരില്‍ രണ്ടുപേര്‍ ആലപ്പുഴ സ്വദേശികളാണ്. ഇതോടെ ഇടവേളക്ക് ശേഷം ജില്ല വീണ്ടും കൊവിഡ് ജാഗ്രതയിലേക്ക് കടക്കുകയാണ്.

കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാള്‍ മുംബൈയില്‍ നിന്നും മറ്റയാള്‍ ദമ്മാമില്‍ നിന്നുമാണ് വന്നത്. പുറക്കാട് സ്വദേശിയായ മുംബൈയിൽ നിന്നെത്തിയ യുവാവും തൃക്കുന്നപ്പുഴ സ്വദേശിയായ ദമ്മാമില്‍ നിന്നെത്തിയ ഗർഭിണിയും വീടുകളിൽ ക്വാറന്‍റൈനിലായിരുന്നു. ഇരുവരെയും മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഈ മാസം എട്ടിന് കാറിൽ റോഡ് മാർഗ്ഗം നവി മുംബൈയിൽനിന്ന് യാത്ര പുറപ്പെട്ട പുറക്കാട് സ്വദേശി 11നാണ് ആലപ്പുഴ ജില്ലയിൽ എത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന യാത്രക്കാർ നിരീക്ഷണത്തിലാണ്. ദമ്മാമില്‍ നിന്ന് കൊച്ചിയിൽ വിമാന മാർഗം വന്ന ഗർഭിണി ആംബുലൻസിലാണ് വിമാനത്താവളത്തിൽ നിന്നും തൃക്കുന്നപ്പുഴ വീട്ടിലെത്തിയത്. ഇരുവർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.