തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ കടലിൽ കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. പുല്ലുവിള കൊച്ചുപള്ളി സ്വദേശികളായ മനു നെപ്പോളിയൻ, ജോണ്‍സണ്‍ എന്നിവരുടെ മൃതദേഹം ആണ് കണ്ടെത്തിയത്. കാണാതായ മറ്റ് രണ്ട് പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. രാവിലെ ഒൻപത് മണിയോടെയാണ് മനുവിന്‍റെയും ജോണ്‍സന്‍റെയും  മൃതദേഹം കണ്ടെത്തിയത്. കോവളം ഗ്രോവ് ബീച്ചിനു സമീപത്ത് നിന്നാണ് 23 കാരനായ മനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 24 കാരനായ ജോണ്‍സന്‍റെ മൃതദേഹം പൂന്തുറ പൊഴിക്കു സമീപത്തു നിന്നുമാണ് കണ്ടെത്തിയത്.  കോസ്റ്റൽ പൊലീസും തീരദേശ സേനയും മത്സ്യത്തൊഴിലാളികളും  ഇവർക്കായി ഇന്നലെ മുതൽ തിരച്ചിലിലായിരുന്നു. ആഴമേറിയ ഭാഗത്താണ് അപകടമുണ്ടായത്. കൂടാതെ വേലിയേറ്റവും തിരച്ചിൽ ദുഷ്കരമാക്കി.  

വിഴിഞ്ഞം ഹാർബറിൽ എത്തിച്ച മനുവിന്‍റെയും ജോണ്‍സന്‍റെയും മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏഷ്യാനെറ്റ് ന്യൂസിൽ മാധ്യമപ്രവർത്തകയായിരുന്ന സിന്ധു നെപ്പോളിയന്‍റെ ഇളയ സഹോദരനാണ് മനു. കാണാതായ സാബു, സന്തോഷ് എന്നിവർക്കയുള്ള തെരച്ചിൽ മറൈൻ എൻഫോഴ്‌സ്‌മെന്‍റിന്‍റെ നേതൃത്വത്തിൽ തുടരുകയാണ്. എംബിഎ പഠനത്തിനായി യുകെയിലേക്ക് പോകുന്ന ജോണ്‍സന്‍റെ യാത്രയപ്പിന്‍റെ ഭാഗമായാണ് കൊച്ചുപള്ളിയിലെ 10 അംഗ സുഹൃദ്‍സംഘം കഴിഞ്ഞ ദിവസം ആഴിമലയിൽ ഒത്തുചേർന്നത്. വൈകീട്ട് 5.30 ഓടെയാണ് അപകടം ഉണ്ടായത്. കൂട്ടത്തിൽ ഒരാൾ കടലിൽ വീണപ്പോൾ ആറ് പേരും രക്ഷിക്കാൻ ഇറങ്ങുകയായിരുന്നു. മറ്റുള്ളവർ രക്ഷപ്പെട്ടപ്പോൾ നാലുപേര്‍ അപകടത്തിൽപെട്ടു. രാത്രി നടത്തിയ തെരച്ചിലിൽ ഒരു സൂചനയും കിട്ടിയിരുന്നില്ല. ഒടുവിലാണ് തീരദേശ ഗ്രാമമായ കൊച്ചുപള്ളിയെ ആകെ ദുഃഖത്തിലാഴ്ത്തി രണ്ട് കൂട്ടുകാരുടെ മരണ വിവരം പുറംലോകം അറിയുന്നത്.