Asianet News MalayalamAsianet News Malayalam

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ഒരു വീട്ടിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളും സൈന്യവും തമ്മിലാണ് ബതോത്തെയില്‍ ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെയാണ് രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചത്. 

two  encounters in jammu kashmir terrorists killed
Author
Delhi, First Published Sep 28, 2019, 4:42 PM IST

ശ്രീനഗര്‍:  ജമ്മുകശ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ സൈന്യം മൂന്നു ഭീകരരെ വധിച്ചു.  ഗന്തർബലിലും ബതോത്തെയിലുമാണ്  സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഒരു വീട്ടിൽ ഒളിച്ചിരിക്കുന്ന തീവ്രവാദികളും സൈന്യവും തമ്മിലാണ് ബതോത്തെയില്‍ ഏറ്റുമുട്ടൽ നടക്കുന്നത്. ഇവിടെയാണ് രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചത്. വീടിനുള്ളിൽ രണ്ടോ മൂന്നോ തീവ്രവാദികൾ കൂടി ഉണ്ടെന്നാണ് സംശയം. ഒരു പ്രദേശവാസിയെ തീവ്രവാദികൾ ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.രാവിലെ ബതോത്തെയിലൂടെ പോയ ബസിലെ ഡ്രൈവറാണ് തീവ്രവാദികളെ കണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. സൈനികരുടെ വേഷത്തിലായിരുന്നു തീവ്രവാദികളെന്നും അദ്ദേഹം അറിയിച്ചു. ഇതേത്തുടര്‍ന്നാണ് സൈന്യം അവിടെയെത്തി തിരച്ചില്‍ നടത്തിയതും ഒരു വീടിനുള്ളില്‍ തീവ്രവാദികളുണ്ടെന്ന് കണ്ടെത്തിയതും. 

ഗുന്തര്‍ബലില്‍ നിയന്ത്രണരേഖയ്ക്ക് സമീപമുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സൈന്യം വധിച്ചു. അതേസമയം, ശ്രീനഗറില്‍ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. അധികം ജനത്തിരക്കില്ലാത്ത സ്ഥലമായതിനാല്‍ ആളപായം ഉണ്ടായില്ല. ഇത്തരമൊരു പ്രദേശത്ത് ഗ്രനേഡ് ആക്രമണം നടക്കാനുണ്ടായ സാഹചര്യത്തെപ്പറ്റി സൈന്യം അന്വേഷിച്ചുവരികയാണ്. 

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നീക്കം ശക്തിപ്പെടുത്തണമെന്ന് ഇന്നലെ ജമ്മു കശ്മീരിലെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ പൊലീസിനോടും അര്‍ധസൈനികവിഭാഗങ്ങളോടും നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മൂന്നിടത്തു നിന്ന് ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  അതിര്‍ത്തി വഴി കൂടുതല്‍ തീവ്രവാദികള്‍ ഇന്ത്യയിലേക്ക് മുഴഞ്ഞുകയാറാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെത്തുടര്‍ന്നായിരുന്നു അജിത് ദോവല്‍ നിര്‍ദ്ദേശം നല്‍കിയത്.

കശ്മീര്‍ പുനസംഘടനയുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യു ഇന്ന് പിന്‍വലിച്ചിരുന്നു. 22 ജില്ലകളിലെയും പകല്‍സമയത്തെ കര്‍ഫ്യു പിന്‍വലിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ നിയന്ത്രണം  എടുത്തുകളഞ്ഞിട്ടില്ല.

Read Also: കശ്മീരില്‍ പകൽസമയ കർഫ്യു പിന്‍വലിച്ചു; 370-ാം വകുപ്പ് റദ്ദാക്കിയതിനെതിരായ ഹർജികളിൽ ഒക്ടോബർ 1ന് വാദം 

 

Follow Us:
Download App:
  • android
  • ios