Asianet News MalayalamAsianet News Malayalam

സർക്കാരിന് കനത്ത തിരിച്ചടി, ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറും ഹൈക്കോടതി റദ്ദാക്കി

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഏജൻസികൾ തമ്മിൽ നടക്കുന്ന നിയമപോരാട്ടത്തിലെ വഴിത്തിരിവാണ് ഈ ഉത്തരവ്. കേസിന്‍റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി.

two fir registered against enforcement directorate cancelled by high court
Author
Kochi, First Published Apr 16, 2021, 11:34 AM IST

കൊച്ചി: എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് എതിരെ ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളും ഹൈക്കോടതി റദ്ദാക്കി. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകളാണ് റദ്ദാക്കിയിരിക്കുന്നത്. സംസ്ഥാനസർക്കാരിന് കനത്ത തിരിച്ചടിയാണ് എഫ്ഐആറുകൾ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. 

ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തത് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും കോടതി വിമർശിച്ചു. ഏതെങ്കിലും തരത്തിൽ ഇഡി കൃത്രിമത്തെളിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്ന് ആരോപണമുണ്ടെങ്കിൽ കേസ് പരിഗണിക്കുന്ന കോടതിയിലാണ് ക്രൈംബ്രാഞ്ച് പരാതി നൽകേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. 

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഏജൻസികൾ തമ്മിൽ നടക്കുന്ന നിയമപോരാട്ടത്തിലെ വഴിത്തിരിവാണ് ഈ ഉത്തരവ്. കേസിന്‍റെ മെറിറ്റിലേക്ക് ഹൈക്കോടതി കടന്നിട്ടില്ല. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസി ഇടപെടുന്നത് ശരിയല്ല എന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി വിധി.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്തിരുന്നത്. ഒന്ന് സ്വപ്ന സുരേഷിന്‍റെ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖയുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ടാമത്തേത് സ്വർണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായർ കോടതിയിൽ നൽകിയിരിക്കുന്ന മൊഴിയുമായി ബന്ധപ്പെട്ടതാണ്. ഈ ശബ്ദരേഖയിലും മൊഴിയിലും പറഞ്ഞിരുന്നത്, മുഖ്യമന്ത്രി അടക്കം സംസ്ഥാനസർക്കാരിന്‍റെ തലപ്പത്തുള്ള പ്രധാനനേതാക്കൾക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിക്കുന്നു എന്നതായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കള്ളത്തെളിവുണ്ടാക്കാൻ ഇഡി ശ്രമിക്കുന്നു എന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് രണ്ട് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തത്. ഈ എഫ്ഐആറുകളാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. 

ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസന്വേഷണത്തെ ബാധിക്കുന്ന തരത്തിലാണ് ക്രൈംബ്രാഞ്ച് എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് ഇഡി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മറ്റൊരു സംസ്ഥാനസർക്കാരിന്റെ കീഴിലുള്ള ഏജൻസിക്ക് കേന്ദ്ര അന്വേഷണ ഏജൻസിയുടെ അധികാരപരിധിയിൽ കടന്നുകയറാൻ കഴിയില്ലെന്നും ഇഡി ഹർജിയിൽ വ്യക്തമാക്കി. ഇത് അംഗീകരിച്ചുകൊണ്ടാണ് എഫ്ഐആറുകൾ നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഈ രണ്ട് കേസുകളിലും യാതൊരു തുടർനടപടികളും പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്. പരാതിക്കാർക്ക് ആർക്കെങ്കിലും ഹൈക്കോടതി ഉത്തരവിന് ശേഷവും പരാതികൾ നിലനിൽക്കുന്നുണ്ടെങ്കിൽ ഈ കേസ് പരിഗണിക്കുന്ന പ്രത്യേകകോടതിയെ സമീപിക്കാം, അവിടെ തുടർ നിയമനടപടികൾ സ്വീകരിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പരാതിക്കാരിൽ ഒരാൾ സന്ദീപ് നായരാണ്. കോടതിയ്ക്ക് മുമ്പാകെ, മുഖ്യമന്ത്രിക്ക് എതിരെ അടക്കം മൊഴി കൊടുക്കാൻ ഇഡി നിർബന്ധിക്കുന്നുവെന്ന് കത്ത് നൽകിയിരുന്നു സന്ദീപ് നായർ. ഇതിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് പ്രത്യേകകോടതി മുമ്പാകെ നൽകാമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിട്ടുള്ളത്. 

ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത കേസുകളുടെ വിശദാംശങ്ങൾ മുദ്രവച്ച കവറിൽ പ്രത്യേക കോടതിയിൽ ഹാജരാക്കാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേക കോടതി ജഡ്ജിക്ക് ഇത് പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ അന്വേഷണത്തിന് ഉത്തരവിടാം. ഇത് പരിശോധിക്കാൻ എത്രയും പെട്ടെന്ന് സ്പെഷ്യൽ കോടതിയിൽ ഹാജരാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 

പിണറായി വിജയൻ സർക്കാരിന് രാഷ്ട്രീയമായി വലിയ തിരിച്ചടി കൂടിയാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയടക്കം കേരളത്തിന്‍റെ അഭിമാനപദ്ധതികൾ തകർക്കാൻ കേന്ദ്രസർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന വലിയ ആരോപണങ്ങളാണ് സർക്കാരും എൽഡിഎഫും നടത്തിയിരുന്നത്. ക്രൈംബ്രാഞ്ച് തിരികെ റജിസ്റ്റർ ചെയ്ത കേസുകൾ രാഷ്ട്രീയായുധം കൂടിയായാണ് കേന്ദ്രത്തിനെതിരെ സർക്കാർ തൊടുത്തത്. ആ കേസുകളാണ് ഹൈക്കോടതി റദ്ദ് ചെയ്തിരിക്കുന്നതും.

Follow Us:
Download App:
  • android
  • ios