എറണാകുളം: അച്ഛന്‍റെ ക്രൂരമർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചുകുഞ്ഞ്  ആരോഗ്യവതിയായി ജീവിതത്തിലേക്ക് തിരിച്ചെത്തി. 16 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രണ്ടുമാസം പ്രായമായ കുഞ്ഞ് ആശുപത്രി വിട്ടു. രണ്ടുമാസം പ്രായമായ കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയായതായി ആശുപത്രി അധികൃതർ അറിയിച്ചു. പരിക്കിനെ തുടർന്നുള്ള സങ്കീർണമായ സാഹചര്യം കുഞ്ഞ് മറികടന്നു. എങ്കിലും കൃത്യമായ ഇടവേളകളിൽ പരിശോധന തുടരണം. അപസ്മാര സാധ്യതയുള്ളതിനാൽ ഇതിനുള്ള മരുന്നും തുടരേണ്ടി വരും. അമ്മയെയും കുഞ്ഞിനെയും സ്നേഹ ജ്യോതി എന്ന സ്ഥാപനത്തിലേക്ക് മാറ്റും. വനിതാ കമ്മീഷന്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി.

ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ തലയിലിട്ടിരുന്ന തുന്നൽ മാറ്റി, ഓക്സിജൻ സപ്പോർട്ടും നീക്കം ചെയ്തു. ദഹന പ്രക്രിയ സാധാരണനിലയിലായെന്നും കുഞ്ഞ് തനിയെ മുലപ്പാൽ കുടിക്കുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു. കുഞ്ഞിനെയും അമ്മയെയും അങ്കമാലിയിലെ വീട്ടിൽ താമസിപ്പിക്കുന്നതിൽ സുരക്ഷ പ്രശ്നമുള്ളതിനാൽ സംരക്ഷണം ഏറ്റെടുക്കുന്നതായി ആശുപത്രിയിലെത്തിയ വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ അറിയിച്ചിരുന്നു. ഇതനുസരിച്ച് വനിതാ കമ്മീഷനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ബാലാവകാശ കമ്മീഷനും കൂടിയാലോചിച്ചാണ് അമ്മയെയും കുഞ്ഞിനെയും പുല്ലുവഴിയിലെ സ്നേഹ ജ്യോതി ശിശുഭവനിലേക്ക് മാറ്റാൻ തീരുമാനിച്ചത്. 

കേസിന്‍റെ നടപടികൾ തീരുന്നത് വരെ അമ്മയും കുഞ്ഞും ഇവിടെ താമസിക്കും. ഭർത്താവിനോടൊപ്പം കഴിയാനാകില്ലെന്നും സ്വദേശമായ നേപ്പാളിലേക്ക് മടങ്ങണമെന്നുമാണ് കുഞ്ഞിന്‍റെ അമ്മ പറയുന്നത്. കഴിഞ്ഞ മാസം 18 നാണ് അച്ഛൻ ഷൈജു കട്ടിലിലേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. ഇയാൾ റിമാൻഡിലാണ്. കേസിൽ ഒരുമാസത്തിനകം ചാർജ് ഷീറ്റ് നൽകുമെന്ന് ആങ്കമാലി സിഐ ബാബു അറിയിച്ചു.