തൃശ്ശൂര്‍: അന്തിക്കാട് ആദർശ് കൊലക്കേസ് പ്രതി നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസിലെ രണ്ടു പ്രതികൾ ഗോവയിൽ അറസ്റ്റിൽ. കിഴക്കുംമുറി സ്വദേശികളായ കെ എസ് സ്മിത്തും ടി ബി വിജിലുമാണ് ഗോവയിലെ ബീച്ചിൽ അറസ്റ്റിലായത്. നിധിലിനെ വകവരുത്താനുള്ള ഗൂഢാലോചനയിൽ ഇരുവർക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇരുവരേയും നാളെ തൃശ്ശൂരില്‍ എത്തിക്കും. അറസ്റ്റിലായ ആറു പ്രതികളുടെ മൊഴി പ്രകാരമാണ് ഇവരെ പ്രതി ചേർത്തത്.

കൊലക്കേസില്‍ ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ നിധിൽ, അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വരുമ്പോളാണ് കൊലപാതകമുണ്ടായത്. നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു വെട്ടികൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡിന്‍റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. ജൂലൈയില്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ ഒൻപത് പ്രതികളില്‍ ഒരാളാണ് നിധില്‍. നിധിലിന്‍റെ സഹോദരനാണ് ആദര്‍ശിനെ വെട്ടികൊലപ്പെടുത്തിയത്. നിധിലാണ് പ്രതികളെ ഒളിവില്‍ പോകാൻ സഹായിച്ചത്.