രണ്ട് പേരുടെ സാമ്പിളും തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും.  

തിരുവനന്തപുരം : തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച രണ്ട് പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കും. കാട്ടാക്കട സ്വദേശിനിയുടെയും മെഡിക്കൽ കോളജിലെ ഒരു വിദ്യാർത്ഥിയുടെയും സാമ്പിളുകളാണ് അയക്കുന്നത്. കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കൾ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവർക്ക് പനിയുണ്ടായി. മുൻകരുതൽ എന്ന നിലയിൽ ഇവരെ ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലേക്ക് മാറ്റി. കോഴിക്കോട് നിന്ന് വന്ന മെഡിക്കൽ കോളജ് വിദ്യാർത്ഥിയെയാണ് രണ്ടാമതായി പനിയെ തുടർന്ന് നിരീക്ഷണത്തിലാക്കിയത്. രണ്ട് പേരുടെ സാമ്പിളും തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്. 

നിപ പ്രതിരോധം: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു

അതേ സമയം കോഴിക്കോട്ട് നിപാ ഹൈറിസ്ക് സമ്പര്‍ക്കപ്പട്ടികയിൽപ്പെട്ട പതിനൊന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. നിപ ബാധിച്ച് മരിച്ച കോഴിക്കോട് മരുതോങ്കര സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ പെട്ട പതിനൊന്ന് പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ പരിശോധനക്കയച്ചതിൽ 94 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. നിപാ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഒമ്പത് വയസുകാരന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടു. 

ഹൈറിസ്ക് സമ്പര്‍ക്കപ്പട്ടികയില്‍ പെട്ട മറ്റു ജില്ലകളിലെ ആളുകളുടെ പരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കും. പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ള നാലു പേരുടേയും നിലയില്‍ പുരോഗതിയുള്ളതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മോണോ ക്ലോണല്‍ ആന്‍റി ബോഡി ഇവര്‍ക്ക് നല്‍കേണ്ട സാഹചര്യമില്ല. രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി അറിയിച്ചു. നിപ സ്ഥിരീകരിച്ച നാലു പേരുടേയും സമ്പര്‍ക്കപട്ടികയില്‍ പെട്ട ആളുകളെ കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സംഘം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അനിശ്ചിത കാലത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാനായിരുന്നു ആദ്യത്തെ ഉത്തരവെങ്കിലും ഇത് ആളുകളില്‍ ഭീതി പടര്‍ത്തുമെന്ന് കണ്ടാണ് കലക്ടര്‍ ഉത്തരവ് തിരുത്തിയത്. പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.