കോഴിക്കോട്: പൗരത്വ പ്രതിഷേധത്തിൽ പങ്കെടുത്ത ഇതര സംസ്ഥാന തൊഴിലാളികളെ മർദ്ദിച്ച കേസിൽ രണ്ട് പേര്‍ പൊലീസ് പിടിയില്‍. സിപിഎം പ്രവർത്തകരായ ഇല്ലിക്കൽ അഭിലാഷ്, മലയിൽ മനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ നേരത്തെ മുസ്ലീംലീഗുമായുള്ള രാഷ്ട്രീയ സംഘർഷത്തിൽ  പ്രതികളായവരാണെന്ന്  പൊലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയാണ് നാദാപുരം കല്ലാച്ചിയിൽ മുസ്ലിംലീഗ് സംഘടിപ്പിച്ച പൗരത്വ പ്രതിഷേധ റാലിയിൽ പങ്കെടുത്ത മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മർദ്ദനമേറ്റത്. മുഖം മൂടി ധരിച്ചെത്തിയ അഞ്ച് പേര്‍ രാത്രി വീട്ടിൽ കയറി കല്ലും തടക്കഷ്ണവും കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.

ഇവർ ബിജെപി പ്രവർത്തകരാണെന്ന് ആരോപണം ഉയർന്നിരുന്നെങ്കിലും സിപിഎം പ്രവർത്തകരായ രണ്ടുപേരാണ് ഇപ്പോൾ പിടിയിലായതെന്ന് പൊലീസ് അറയിച്ചു. അറസ്റ്റിലായ  ഇല്ലിക്കൽ അഭിലാഷ്, മലയിൽ മനോജ് എന്നിവര്‍ക്കെതിരെ മുസ്ലീംലീഗുമായുള്ള രാഷ്ട്രീയ സംഘർഷത്തിൽ  നേരത്തെ 4 കേസുകളുണ്ട്. മദ്യപിച്ചെത്തിയായിരുന്നു അക്രമമെന്നും സംഘത്തിലുള്ള ബാക്കി മൂന്ന് പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു.
 
ജോലിക്കായി പശ്ചിമ ബംഗാളിൽ നിന്നുമെത്തിയ തൊഴിലാളികളോട് വിരോധം വച്ചുപുലർത്തുന്നവരാണ്  ഇവരെന്നാണ് പൊലീസിന്റെ അനുമാനം. എന്നാൽ പാർട്ടിയുമായി ബന്ധമുള്ളവരല്ല പിടിയിലായവരെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം. നാദാപുരത്ത് മാത്രം അഞ്ഞൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി ചെയ്തു വരുന്നുണ്ട്. ആക്രമണത്തിന് പിന്നാലെ ഭയചകിതരായ ഒരുസംഘം പശ്ചിമ ബംഗാൾ സ്വദേശികള്‍ നാട്ടിലേക്ക് തിരികെ പോയിരുന്നു.